+

കോൺഗ്രസിലെ തമ്മിലടി മറക്കാൻ എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ബോർഡുകൾ തകർക്കുന്നു: എൽ.ഡി.എഫ് കൺവീനർ എൻ. ചന്ദ്രൻ

കോൺഗ്രസിൻ്റെ തമ്മിലടി മറയ്ക്കാനാണ് എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ എൻ. ചന്ദ്രൻ ആരോപിച്ചു.

കണ്ണൂർ: കോൺഗ്രസിൻ്റെ തമ്മിലടി മറയ്ക്കാനാണ് എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ എൻ. ചന്ദ്രൻ ആരോപിച്ചു. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ തമ്മിലടിയുണ്ടാകുമ്പോൾ ഇത്തരം കോപ്രായങ്ങൾ സ്വാഭാവികമാണെന്ന് എൻ. ചന്ദ്രൻ ചൂണ്ടിക്കാട്ടി.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ എൽഡിഎഫ്‌ ജില്ലാ റാലി നടത്തും.മെയ്‌ 9ന്‌ വൈകീട്ട്‌ നാലുമണിക്ക്‌ കണ്ണൂരിലാണ് ബഹുജന റാലി നടത്തുക.കണ്ണൂർ ജില്ലയെ അടിമുടി മാറ്റിയ ഒമ്പതുവർഷമാണ്‌ പൂർത്തിയാകുന്നത്‌. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിലെത്തുമ്പോൾ കണ്ണൂർ ജില്ലയ്‌ക്ക്‌ അഭിമാനിക്കാനേറെയാണ്‌. പശ്‌ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക്‌ കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്‌. പുതിയ കാലത്തിന്റെ സാധ്യതകൾ മനസിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്‌റ്റർ പ്ലാനൊരുക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞുവെന്നതാണ്‌ ജില്ലയിൽ പൂർത്തിയായതും നിർമാണത്തിലിരിക്കുന്നതുമായ പദ്ധതികൾ സാക്ഷ്യപ്പെടുത്തുന്നത്. നേരത്തേ യുഡിഎഫ്‌ ഭരണകാലത്ത്‌ കണ്ണൂർ ജില്ലയെ പാടെ അവഗണിക്കുകയായിരുന്നു പതിവ്‌. പേരിന്‌ പ്രഖ്യാപിക്കുന്ന പദ്ധതികൾപോലും കടലാസിൽ ഒതുങ്ങി. എൽഡിഎഫ്‌ സർക്കാരുകൾ പ്രഖ്യാപിക്കുന്ന പദ്ധതികളാവട്ടെ പിന്നീട്‌ വന്ന യുഡിഎഫ്‌ സർക്കാരുകൾ പകുതിയിൽ മുടക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. 

ഇന്നിപ്പോൾ ആശുപത്രികളായാലും റോഡുകളായാലും ജനങ്ങൾ നേരിട്ടിടപെടുന്ന മേഖലകളെല്ലാം വികസന പാതയിലാണ്‌. താലൂക്ക്‌ ആശുപത്രികൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കാവുന്ന നിലയിലേക്ക്‌ മാറുന്നു. -ജില്ലാ ആശുപത്രി, -താലൂക്ക് ആശുപത്രികൾ, -തലശ്ശേരി ജനറൽ ആശുപത്രി, മാങ്ങാട്ടുപറമ്പ്‌   -അമ്മയും കുഞ്ഞും ആശുപത്രി, -പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളേജ് എന്നിവിടങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കഴിഞ്ഞ ഒമ്പത്‌ വർഷത്തിനിടയിലുണ്ടായ മാറ്റങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുന്നതാണ്‌.അനാദായകരം എന്ന പേരിൽ അടച്ചുപൂട്ടാനുള്ള പട്ടികയിൽപെട്ട നിരവധി സ്‌കൂളുകൾ ജില്ലയിലുണ്ടായിരുന്നു. ഇന്ന്‌ ആ സ്‌കൂളുകളെല്ലാം കട്ടികളുടെ എണ്ണത്തിലും അക്കാദമിക്‌ നിലവാരത്തിലും മുന്നിലെത്തി. സർക്കാർ കൈത്താങ്ങിൽ നിരവധി സ്‌കൂളുകളാണ്‌ ഹൈടെക്‌ നിലവാരത്തിലേക്ക്‌ ഉയർന്നത്‌. പശ്‌ചാത്തല സൗകര്യവികസനമെത്താത്ത ഹൈസ്‌കൂളുകൾ ജില്ലയിൽ ഇല്ലെന്നുതന്നെ പറയാം. പശ്‌ചാത്തല സൗകര്യത്തിൽ മാത്രമല്ല അക്കാദമിക്‌ നിലവാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാണ്‌ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർന്നത്‌.

കണ്ണൂർ വിമാനത്താവളം കെട്ടിടനിർമാണം പോലും പൂർത്തിയാകാതെ ഉദ്‌ഘാടനം ചെയ്‌ത കാലം നമുക്ക്‌ മറക്കാനാവുന്നതല്ല. ഹെലികോപ്‌റ്റർ ഇറക്കിയായിരുന്നു യുഡിഎഫിന്റെ ഉദ്‌ഘാടനം.  നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്‌തതിനുപുറമെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും എൽഡിഎഫ്‌ സർക്കാർ പദ്ധതികളൊരുക്കി. കാർഗോ കോംപ്ലക്‌സ്‌ നിർമാണം പൂർത്തിയാക്കി. മൂന്നു വർഷമായി ഹജ്ജ്‌ എംബാർക്കേഷൻ പോയിന്റാണ്‌ കണ്ണൂർ വിമാനത്താവളം. സ്ഥിരം ഹജ്ജ്‌ ഹൗസിനുള്ള തറക്കലിടൽ 9ന്‌ നടക്കും.
പതിറ്റാണ്ടുകളായി ഫയലിൽ ഉറങ്ങിയ മുഴപ്പിലങ്ങാട്‌ മാഹി ബൈപാസ്‌ യാഥാർഥ്യത്തിലെത്തിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്‌. ദേശീയപാത നാലുവരിയാക്കുന്നതിന്റെ പ്രവർത്തനം അതിദ്രുതം മുന്നേറുന്നു. ജില്ലയിലെ റോഡുകളും മികച്ച നിലവാരത്തിലേക്ക്‌ മാറിക്കഴിഞ്ഞു. മലയോര ഹൈവേ പൂർത്തിയായി. തീരദേശ ഹൈവേ പുരോഗമിക്കുന്നു. കണ്ണൂർ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌.

ഗെയിൽ പൈപ്പ്‌ ലൈൻ വഴി വീടുകളിൽ പാചകവാതകം എത്തിത്തുടങ്ങി. കൂടാളി പഞ്ചായത്തിലും കണ്ണൂർ കോർപറേഷനിലുമാണ്‌ ഗാർഹിക കണക്‌ഷനുകൾ ലഭ്യമായത്‌. ഏതുസമയവും സുരക്ഷിതമായ പാചകവാതകം എത്തുന്നുവെന്നതിനപ്പുറം ചെലവ്‌ കുറവാണെന്നതും പ്രത്യേകതയാണ്‌. ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്കും പൈപ്പ്‌ കണക്‌ഷനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
അഴീക്കൽ പോർട്ട് വികസനത്തിനും അന്താരാഷ്ട്ര ഗ്രീൻഫീൽഡ് തുറമുഖം നിർമിക്കുന്നതിനുമുള്ള പദ്ധതികളുമായാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. വിമാനത്താവളത്തിനൊപ്പം തുറമുഖം കൂടി യാഥാർഥ്യമാകുന്നതോടെ കണ്ണൂരിന്റെ കയറ്റുമതി സ്വപ്‌നങ്ങൾക്കാണ്‌ ചിറകുവെക്കുന്നത്‌. ടൂറിസം മേഖലയിൽ ഏറ്റവും ബൃഹത്തായ പദ്ധതിയാണ്‌ മുഴപ്പിലങ്ങാട്‌ നടപ്പാക്കുന്നത്‌. ആദ്യഘട്ടം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻനാടിന്‌ സമർപ്പിച്ചു.

 നാലുഘട്ടങ്ങളിലായി 233 കോടി രൂപയുടെ പദ്ധതികളാണ്‌ മുഴപ്പിലങ്ങാട്‌ ധർമടം ബീച്ചുകളിൽ നടപ്പാക്കുന്നത്‌. ഉൾനാടൻ ജലപാത യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ അറിയപ്പെടാത്ത പ്രകൃതി സുന്ദരമായ പ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളാകും.  മലബാർ റിവർ ക്രൂയിസ്‌ പദ്ധതിയും ഇതിനോടനുബന്ധിച്ച്‌ പൂർത്തിയാകുന്നു. ടൂറിസം കേന്ദ്രങ്ങളിൽ ടോയ്‌ലറ്റുകൾഅടക്കമുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതിനൊപ്പം യാത്രയ്‌ക്കിടെ വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ടേക്ക്‌ എ ബ്രേക്ക്‌ പോലുള്ള സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.ജില്ലയിൽ 30 തീരദേശ റോഡുകളാണ്‌ ഉദ്ഘാടനം ചെയ്‌തത്‌.  ആറളം ഫാമിൽ ആന മതിലിന്റെയും സോളാർ തൂക്ക് വേലിയുടെയും നിർമാണം പുരോഗമിക്കുന്നു. പടിയൂരിലെ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പിണറായിയിലെ  എഡ്യുക്കേഷൻ ഹബ്ബ്,  തെയ്യം മ്യൂസിയങ്ങൾ, തളിപ്പറമ്പ്‌ സഫാരി പാർക്ക്, പെരളശേരിയിലെ എ കെ ജി മ്യൂസിയം, തലശ്ശേരിയിലെയും കണ്ണൂരിലെയും  കോടതി കോംപ്ലക്‌സുകൾ, ഫിഷിങ്ങ് ഹാർബറുകൾ,  ബ്രണ്ണൻ കോളേജിലെയും പരിയാരം മെഡിക്കൽ കോളേജിലെയും തലശേരിയിലെയും കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലെയും സിന്തറ്റിക് ട്രാക്കുകൾ, മലബാർ കാൻസർ സെന്ററിൽ വിവിധ പദ്ധതികൾ,  കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്ക്, ആന്തൂരിൽ വ്യവസായ വികസന പ്ലോട്ട്, കൂത്തുപറമ്പിൽ റീജ്യണൽ അനലറ്റിക്കൽ ലാബ്, പിണറായിയിൽ ജൈവ വൈവിധ്യ പാർക്ക്‌, തളിപ്പറമ്പ നടുകാണിയിൽ സഫാരി പാർക്കിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.  പൂർത്തിയാക്കുമ്പോൾ ഏറ്റവും വലിയ സഫാരി പാർക്കായി അത് മാറും.  കൂത്തുപറമ്പിൽ സ്പെഷ്യൽ സബ് ജയിൽ, കൂട്ടുപുഴ അന്തർസംസ്ഥാന പാലം തുടങ്ങിയവ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ ആരംഭിച്ചതും പൂർത്തിയായതുമായ പദ്ധതികളിൽ ചിലതുമാത്രം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലുള്ള സന്ദർഭത്തിൽ മാത്രമാണ് ജില്ലയിൽ നല്ല പരിഗണന കിട്ടിയത്. ഈ വികസനത്തിന്റെ തുടർച്ചയ്ക്ക് മുന്നണിയുടെ തുടർഭരണം അനിവാര്യമാണ്. അതുണ്ടാവണമെന്നാണ് ജില്ലയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. 
 മെയ് 9ന്  വൈകുന്നേരം നാലു മണിക്ക് കലക്ട്രറേറ്റ് മൈതാനിയിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുന്നണി നേതാക്കളായ അഡ്വ. പി. സന്തോഷ് കുമാർ എം.പി., രാമചന്ദ്രൻ കടന്നപ്പള്ളി, ജോയ്‌സ് പുത്തമ്പുര, പി.പി. ദിവാകരൻ, കെ.പി. മോഹനൻ എം.എൽ ത അഡ്വ. പി.എം. സുരേഷ് ബാബു, കാസിം ഇരിക്കൂർ, അഡ്വ. എ.ജെ. ജോസഫ്, കെ.സി. ജേക്കബ് മാസ്റ്റർ, എസ്.എം.കെ. മുഹമ്മദലി, സി. വത്സൻ മാസ്റ്റർ എന്നിവർ പ്രസംഗിക്കുമെന്ന് എൻ. ചന്ദ്രൻ പറഞ്ഞു.  വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായസി.പി. സന്തോഷ് കുമാർ പി.എസ്. ജോസഫ് കെ. സുരേശൻ ബാബുരാജ് ഉള്ളികൽ എം. ഉണ്ണികൃഷണൻ സി.വി.എം. വിജയൻ ഇഖ്ബാൽ പോപ്പുലർ കെ.പി. അനിൽ കുമാർ ഷാജി ജോസഫ്എസ്.എം.കെ. മുഹമ്മദലി എന്നിവർ പങ്കെടുത്തു.

facebook twitter