ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നടന്ന ഏറ്റവും വലിയ അഴിമതികളിലൊന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ പുറത്തുകൊണ്ടുവന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗങ്ങള്‍, സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍, ഒരു ആള്‍ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി, മുന്‍ യുജിസി ചെയര്മാന് എന്നിവര്‍ ഉള്‍പ്പെട്ട ഒരു വന്‍ അഴിമതി വലയമാണ് സിബിഐ കണ്ടെത്തിയത്. കേസില്‍ 34 പേര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
രാജസ്ഥാന്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഴിമതി കണ്ടെത്തി. മെഡിക്കല്‍ കോളേജുകളുടെ പരിശോധനാ പ്രക്രിയയില്‍ കൃത്രിമം കാണിക്കുന്നതിനായി കോടികളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നത്. പരിശോധനാ ഷെഡ്യൂളുകളും പരിശോധകരുടെ വിശദാംശങ്ങളും മുന്‍കൂട്ടി ചോര്‍ത്തി, കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, മെഡിക്കല്‍ കോളേജുകള്‍ അനുമതികള്‍ നേടിയെടുക്കുകയായിരുന്നു.
കൈക്കൂലിയായി കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ട്. ഇത് ഹവാല, ബാങ്കിംഗ് ചാനലുകള്‍ എന്നിവ വഴി കൈമാറ്റം ചെയ്തു. ചില കോളേജുകള്‍ 3 മുതല്‍ 5 കോടി രൂപ വരെ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുന്‍കൂട്ടി വിവരം ലഭിച്ചതോടെ പരിശോധനയ്ക്കായി ഡമ്മി ഫാക്കല്‍റ്റിയും രോഗികളേയും ഒരുക്കി. ഇതിനായി വ്യാജ ബയോമെട്രിക് ഹാജര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, പേഷ്യന്റ്സ് ഡീറ്റേയ്ല്സ് എന്നിവ നിര്‍മിച്ചു.
രവിശങ്കര്‍ മഹാരാജ് അഥവാ റാവത്പുര സര്‍ക്കാര്‍ ആണ് കേസില്‍ ഉള്‍പ്പെട്ട ആള്‍ദൈവം. റാവത്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ ചെയര്മാന് കൂടിയാണ് ഇയാള്‍. റായ്പൂരിലെ ഈ സ്ഥാപനത്തിന് അനുകൂല റിപ്പോര്‍ട്ടിനായി 55 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നു.
മുന്‍ യുജിസി ചെയര്‍മാനും നിലവില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ചാന്‍സലറുമായ ഡി.പി. സിങ് ആണ് മറ്റൊരാള്‍, ഇന്‍ഡോറിലെ ഇന്‍ഡക്സ് മെഡിക്കല്‍ കോളേജിന്റെ ചെയര്മാന് സുരേഷ് സിങ് ഭദോറിയ വ്യാജ ബയോമെട്രിക് ഹാജര്‍, ഡമ്മി ഫാക്കല്‍റ്റി, വ്യാജ ഡിഗ്രികള്‍ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തി.
റിട്ടയേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുന്‍ ചെയര്‍മാനുമായ സഞ്ജയ് ശുക്ല, ഡോ. ജിതു ലാല്‍ മീന, ഡോ. വിരേന്ദ്ര കുമാര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടു.
ഗീതാഞ്ജലി യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാര്‍ മായൂര്‍ റാവല്‍, ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ നിന്നുള്ള ഹരി പ്രസാദ്, കൃഷ്ണ കിഷോര്‍, അങ്കം രാംബാബു എന്നീ മധ്യസ്ഥര്‍, വിശാഖപട്ടണത്തെ ഗായത്രി മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ വെങ്കട്, വാറങ്കലിലെ ഫാദര്‍ കൊളംബോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഫാദര്‍ ജോസഫ് കൊമ്മാരെഡ്ഡി എന്നിവരും കേസില്‍ ഉള്‍പ്പെട്ടവരാണ്.
റാവത്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്, ഇന്‍ഡക്സ് മെഡിക്കല്‍ കോളേജ്, ഇന്‍ഡോര്‍, ഗായത്രി മെഡിക്കല്‍ കോളേജ്, വിശാഖപട്ടണം, ഫാദര്‍ കൊളംബോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാറങ്കല്‍ എന്നീ സ്ഥാപനങ്ങള്‍ കൈക്കൂലി നല്കിയവരില് ഉള്‍പ്പെടുന്നു.
സിബിഐ 34 പേര്‍ക്കെതിരെ കേസെടുത്തതിനോടൊപ്പം, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ആരോഗ്യ മന്ത്രാലയത്തിലെയും എന്‍എംസിയിലെയും ഉദ്യോഗസ്ഥരുടെ വസതികളില്‍ റെയ്ഡുകള്‍ നടത്തി. കോടികളുടെ ഇടപാടുകള്‍ സംബന്ധിച്ച രേഖകളും തെളിവുകളും ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് അഴിമതി. അനര്‍ഹമായി മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് വഴി, വിദ്യാര്‍ത്ഥികളുടെ ഭാവിയും രോഗികളുടെ സുരക്ഷയും അപകടത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സിബിഐ അന്വേഷണം തുടരുകയാണ്, കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.