
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിക്സ് (BRICS) രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കെതിരെ നടത്തിയ ഭീഷണി അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. 'അമേരിക്ക വിരുദ്ധ' നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ 10% അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ നേതൃത്വം നല്കുന്ന ബ്രിക്സ് സഖ്യം, അന്താരാഷ്ട്ര വേദിയില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങള്‍ റിയോ ഡി ജനീറോയില്‍ നടന്ന ഉച്ചകോടിയില്‍ അമേരിക്കയുടെ തീരുവ നയങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി ഉയര്‍ന്നത്.
റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ എന്നിവര്‍ നേരിട്ട് പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന് പകരം പ്രധാനമന്ത്രി ലി ക്വിയാങും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഓണ്‍ലൈനായി പങ്കെടുത്തു.
ബ്രിക്സ് രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയില്‍, ഏകപക്ഷീയമായ തീരുവകള്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും, അന്താരാഷ്ട്ര വ്യാപാരത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന ട്രംപിന്റെ തീരുവ നയങ്ങളെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്. ഇതാണ് ട്രംപിന്റെ ഈ ഭീഷണിക്ക് കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2009-ല്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ബ്രിക്സ്, 2010-ല്‍ ദക്ഷിണാഫ്രിക്കയെ ഉള്‍പ്പെടുത്തി. 2023-ല്‍ ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും ബ്രിക്സില്‍ അംഗങ്ങളായി. ഈ രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ പകുതിയില്‍ അധികവും ഉള്‍പ്പെടുന്നതാണ്. കൂടാതെ, 40% സാമ്പത്തിക മേഖലയേയും പ്രതിനിധീകരിക്കുന്നു.
ബ്രിക്സ്, അമേരിക്ക കേന്ദ്രീകൃത ലോക സാമ്പത്തിക ക്രമത്തിന് ബദലായി, ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ പരിഷ്കരണം ആവശ്യപ്പെടുന്നു. യു.എന്‍. സെക്യൂരിറ്റി കൗണ്‍സില്‍, അന്താരാഷ്ട്ര നാണയനിധി എന്നിവയില്‍ പരിഷ്കാരം വേണമെന്നും, യു.എസ്. ഡോളറിന്റെ ആധിപത്യം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ബ്രിക്സ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.
ബ്രിക്സ് രാജ്യങ്ങള്‍ യു.എസ്. ഡോളറിന് പകരം പുതിയ ഒരു കറന്‍സി സൃഷ്ടിക്കുകയോ മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കുകയോ ചെയ്താല്‍ 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രിക്സ് ഉച്ചകോടിയില്‍, ജൂണില്‍ ഇറാനിലുണ്ടായ സൈനിക ആക്രമണങ്ങളേയും അപലപിച്ചത് അമേരിക്കയ്ക്ക് ഇഷ്ടമായില്ലെന്നുവേണം കരുതാന്‍. രാജ്യങ്ങള്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിക്സ് നേതാക്കള്‍ പ്രസ്താവിച്ചു.
ഇന്ത്യ, ബ്രിക്സ് ഉച്ചകോടിയില്‍ തീവ്രവാദത്തിനെതിരെ ഐക്യത്തോടെ പോരാടണമെന്ന് ആവശ്യപ്പെട്ടു. 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തെ 'മനുഷ്യത്വത്തിനെതിരായ ആക്രമണം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ പ്രതികരണം രേഖപ്പെടുത്തി.
ഡോളറിനെതിരായ നീക്കവും അടുത്തിടെ അമേരിക്കയുടെ അന്താരാഷ്ട്ര നയങ്ങളേയും എതിര്‍ത്തതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഡോളറിന് പകരം മറ്റൊരു കറന്‍സിയില്‍ വ്യാപാരം നടന്നാല്‍ അത് അമേരിക്കന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും.