തിരുവനന്തപുരം: ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി റെയില്‍വേ. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളില്‍ 116 അധിക കോച്ചുകള്‍ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്.
ദക്ഷിണ റെയില്‍വേ (എസ്‌ആർ) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോർത്തേണ്‍ റെയില്‍വേ (എൻആർ) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയർ കാർ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേർത്തു.
ഇന്ന് മുതല്‍ നടപ്പിലാക്കിയ ഈ നടപടികള്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന വടക്കൻ ഇടനാഴികളിലെ ലഭ്യത വർധിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. വെസ്റ്റേണ്‍ റെയില്‍വേ (WR) നാല് ട്രെയിനുകളില്‍ 3AC, 2AC കോച്ചുകള്‍ കൂട്ടിച്ചേർത്തു. ന്യൂഡല്‍ഹി, മുംബൈ, ലക്നൗ, ജമ്മു താവി, പട്ന, ഹൗറ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് കോച്ചുകള്‍ വർധിപ്പിച്ചു.