PhD ഗവേഷണങ്ങൾക്ക് ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്,അപേക്ഷ ക്ഷണിച്ചു

07:05 PM Sep 12, 2025 | Kavya Ramachandran
യുവ പിഎച്ച്ഡി ബിരുദധാരികൾക്ക് ബേസിക്, അപ്ലൈഡ് സയൻസ് മേഖലകളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്ന ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ് പദ്ധതിയിലേക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്‌ടി) അപേക്ഷ ക്ഷണിച്ചു. വകുപ്പിന്റെ ഇനവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയർഡ് റിസർച്ച്-ഇൻസ്പയർ-പദ്ധതിയുടെ ഒരു ഘടകമാണ് ഈ ഫെലോഷിപ്പ്.
മേഖലകൾ
എൻജിനിയറിങ്, മെഡിസിൻ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് ആൻഡ് ടെക്നോളജി മേഖലയിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ഉൾപ്പെടെയുള്ള മേഖലകളിലെ ഗവേഷണങ്ങൾക്ക് അഞ്ചുവർഷത്തേക്ക് ഫെലോഷിപ്പ് അനുവദിക്കും.
ആനുകൂല്യങ്ങൾ
പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേകാൽ ലക്ഷംരൂപ. ഓരോ വർഷവും ഇതിൽ 2000 രൂപയുടെ വർധനയുണ്ടാകും. കൂടാതെ, റിസർച്ച് ഗ്രാൻറായി അഞ്ചുവർഷം പ്രതിവർഷം ഏഴുലക്ഷംരൂപയും ലഭിക്കും.
ആതിഥേയസ്ഥാപനം
അപേക്ഷാർഥി പദ്ധതി നടപ്പാക്കാൻ ഒരു ആതിഥേയസ്ഥാപനം കണ്ടെത്തണം. പിഎച്ച്ഡി ബിരുദം ലഭിച്ച അല്ലെങ്കിൽ പിഎച്ച്ഡി/പോസ്റ്റ് പിഎച്ച്ഡി ഗവേഷണപ്രവർത്തനങ്ങൾ നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റി/ലബോറട്ടറി ഒഴികെയുള്ള രാജ്യത്തെ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്സിറ്റി/ലബോറട്ടറിയിൽ ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ് നടപ്പാക്കാം.
അപേക്ഷാഘട്ടത്തിൽ സ്ഥാപനം കണ്ടെത്താൻ കഴിയാതെവന്നാൽ അന്തിമ തിരഞ്ഞെടുപ്പ് കഴിയുന്ന ഉടനെ കണ്ടെത്തണം.
ട്രാൻസ്‌ലേഷണൽ റിസർച്ച് മേഖല തിരഞ്ഞെടുക്കുന്നവർ ആതിഥേയസ്ഥാപനമായി കേന്ദ്ര/സംസ്ഥാന സഹായത്താൽ പ്രവർത്തിക്കുന്ന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (ടിബിഐ) ഉള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
അർഹത
സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിങ്, ഫാർമസി, മെഡിസിൻ, അഗ്രിക്കൾച്ചർ, അനുബന്ധ വിഷയങ്ങൾ എന്നിവയിലൊന്നിൽ പിഎച്ച്ഡി ബിരുദം വേണം. ക്ലാസ് 12 പരീക്ഷമുതൽ അക്കാദമിക് കരിയറിൽ എല്ലാ പരീക്ഷകൾക്കും കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ സിജിപിഎ നേടിയിരിക്കണം.
ഉയർന്ന പ്രായപരിധി 2025 ജനുവരി ഒന്നിന് 32 വയസ്സ്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും 37-ഉം ഭിന്നശേഷിക്കാർക്ക് 42-ഉം വയസ്സായിരിക്കും ഉയർന്ന പ്രായപരിധി.
അസാമാന്യ ഗവേഷണമികവ് വ്യക്തമാക്കുന്ന പബ്ലിക്കേഷൻസ് പേരെടുത്ത ജേണലുകളിൽ വേണം. സയൻസ് ആൻഡ് ടെക്നോളജി വിഷയത്തിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് മേഖലയിലെ ഫാക്കൽറ്റി ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് പേറ്റൻറുകൾ ഫയൽ ചെയ്തിരിക്കണം. അല്ലെങ്കിൽ ഒരു പേറ്റന്റെങ്കിലും അനുവദിച്ചുകിട്ടിയിരിക്കണം.
ക്ലാസ് 12 പരീക്ഷയിൽ മുന്നിലെത്തിയ ഒരുശതമാനം പരീക്ഷാർഥികളിൽ ഉൾപ്പെടുക, ഐഐടി-ജെഇഇ/നീറ്റ് റാങ്ക് ഹോൾഡർ ആയിരിക്കുക, സർവകലാശാലാതലത്തിൽ ബിരുദ പ്രോഗ്രാമിലോ പിജി പ്രോഗ്രാമിലോ റാങ്ക് ഹോൾഡർ ആയിരിക്കുക എന്നിവ അഭികാമ്യമാണ്. കരാർ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ജോലിചെയ്യുന്നവർക്ക് അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്താൻ വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. സ്ഥിരം അക്കാദമിക്/ഗവേഷണ സ്ഥാനം വഹിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ
അപേക്ഷ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള രേഖകൾ സഹിതം www.online-inspire.gov.in വഴി സെപ്‌റ്റംബർ 14-ന് രാത്രി 11.59 വരെ നൽകാം. പിഎച്ച്ഡി തിസിസ് നൽകിയ ശേഷം, ബിരുദം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, പിഎച്ച്ഡി ബിരുദം ലഭിച്ചശേഷമേ അവരുടെ സെലക്‌ഷൻ അന്തിമമാക്കുകയുള്ളൂ. വെബ്സൈറ്റിൽ രജിസ്റ്റർചെയ്തശേഷം അപേക്ഷ നൽകണം.
വിശദമായ മാർഗനിർദേശങ്ങൾ www.online-inspire.gov.in -ൽ ലഭ്യമാണ് (അനൗൺസ്‌മെൻറ് > ഫാക്കൽറ്റി ലിങ്കുകൾ). അന്വേഷണങ്ങൾക്ക്: inspire.prog-dst@nic.in