
പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി.വിദ്യാര്‍ഥികളുടെ പഠന പുരോഗതി നിരീക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാണ്. വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് അധ്യാപകര്‍ വഹിക്കണം. ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റാന്നി മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിരവധി വികസന പദ്ധതികള്‍ നടക്കുന്നു. വരവൂര്‍ സര്‍ക്കാര്‍ യുപിഎസ്, കോട്ടങ്ങല്‍, പെരുമ്പെട്ടി വടശേരിക്കര, നാറാണംമുഴി, തെള്ളിയൂര്‍, പ്ലാങ്കമണ്‍, ബംഗ്ലാകടവ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം ബജറ്റില്‍ അനുവദിച്ചു. കുടമുരട്ടി സ്‌കൂളിന് ഒരു കോടി രൂപയും കുന്നം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് 50 ലക്ഷം രൂപയും പ്ലാന്‍ പദ്ധതിയിലൂടെ അനുവദിച്ചു. തൊഴില്‍ വകുപ്പ് നോഡല്‍ ഏജന്‍സിയായ റാന്നി സ്‌കില്‍ ഹബ്ബിന് 10 കോടി രൂപയും നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.റാന്നിയിലെ സ്‌കൂളൂകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെട്ടതായി അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികളിലെ വായന ശീലം വളര്‍ത്താന്‍ ആരംഭിച്ച റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി.
വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.12 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട നിര്‍മിച്ചത്. നാല് ക്ലാസ് മുറി, ഹെഡ്മിസ്ട്രസ് ഓഫീസ്, ശുചിമുറി, സ്റ്റെയര്‍കേസ് റൂം, വരാന്ത എന്നിവ ഉള്‍പെടുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സുസന്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബി ജയശ്രീ, സാംകുട്ടി അയ്യക്കാവില്‍, അനുരാധ ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബുജാ ഭായ്, ബെന്‍സന്‍ പി തോമസ്, അനിത കുറുപ്പ്, ശ്രീകല ഹരികുമാര്‍, പ്രീതാ ബി നായര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില,വിദ്യാ കിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ ആര്‍ സുമ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.