ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമൻറിട്ടു : 19കാരി അറസ്റ്റിൽ ‌

04:00 PM May 10, 2025 | Neha Nair

മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമൻറിട്ട 19കാരിയായ വിദ്യാർഥിനി മഹാരാഷ്ട്രയിലെ പുണെയിൽ അറസ്റ്റിൽ. കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് കോൻധ്വ പൊലീസ് അറസ്റ്റ് ചെയ്തത്.

പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി. ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമൻറ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രവൃത്തി ചെയ്യൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രമസമാധാനം തകർക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേർപ്പെടൽ, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പാക് അനുകൂല കമൻറിട്ട യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സകൽ ഹിന്ദു സമാജ് എന്ന സംഘടന പ്രതിഷേധം സംഘടിപ്പിച്ചു.