+

അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ പാസഞ്ചർ ലോഞ്ച് നവീകരണം; ടൂറിസം വകുപ്പ് 32.50 ലക്ഷം രൂപ അനുവദിച്ചു

കൊച്ചി അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെ പാസഞ്ചർ ലോഞ്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസം വകുപ്പ് 32,50,000 രൂപയുടെ ഭരണാനുമതി നൽകി

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെ പാസഞ്ചർ ലോഞ്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ടൂറിസം വകുപ്പ് 32,50,000 രൂപയുടെ ഭരണാനുമതി നൽകി. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുകയും ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.

ഫർണിച്ചറുകൾ (സോഫകൾ, ടീപ്പോയ്, മാഗസിൻ സ്റ്റാൻഡുകൾ പ്ലാൻറർ ബോക്സുകൾ), പെയിൻറിംഗ്, മ്യൂറൽ പെയിൻറിംഗ് ഉൾപ്പെടെയുള്ള കലാസൃഷ്ടികൾ, ഹാംഗിംഗ് ലൈറ്റ്, കോഫി മേക്കർ, വൈഫൈ, എൽഇഡി ടിവി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് പാസഞ്ചർ ലോഞ്ചിൽ ഒരുക്കുക.
 
സംസ്ഥാനത്തെ ക്രൂയിസ് ടൂറിസത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ക്രൂയിസ് ടൂറിസം ആസ്വദിക്കുന്നതിനായി ധാരാളം വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. നവീകരണ പ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ വർദ്ധിക്കും. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോലികൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കും. എറണാകുളം ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പദ്ധതിയുടെ മേൽനോട്ടം നിർവ്വഹിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.

facebook twitter