ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലെ മികച്ച യുവ താരങ്ങളിലൊരാളാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സ്പിന്നര്‍ ദിഗ്വേഷ് രതി. തന്റെ 'നോട്ട്ബുക്ക് സെലിബ്രേഷന്‍' മൂലം ഒന്നിലധികം തവണ വിവാദത്തിലകപ്പെട്ട താരത്തിന് ഒടുവില്‍ ഒരു കളിയില്‍ നിന്നും വിലക്കും ലഭിച്ചിരിക്കുകയാണ്. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി പിഴയും പിന്നീട് വിലക്കും ലഭിക്കുന്ന അപൂര്‍വ താരമായി ദിഗ്വേഷ്.
വിക്കറ്റ് എടുത്ത ശേഷം ഒരു നോട്ട്ബുക്കില്‍ എഴുതുന്നതുപോലെ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതാണ് ദിഗ്വേഷിന്റെ സെലിബ്രേഷന്‍. എന്നാലിത് എതിര്‍ ബാറ്റര്‍മാരെ പ്രകോപിപ്പിക്കുന്നതോ അനാദരവ് കാണിക്കുന്നതോ ആയി കണക്കാക്കപ്പെടുന്നു. ആവര്‍ത്തിച്ചുള്ള ശിക്ഷയ്ക്കുശേഷവും ദിഗ്വേഷ് തെറ്റ് തിരുത്താത്തത് താരത്തിന്റെ മനോഭാവം തുറന്നുകാട്ടുന്നതാണ്.
ഏപ്രില്‍ 1ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന്റെ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷമാണ് ആദ്യമായി 'നോട്ട്ബുക്ക് സെലിബ്രേഷന്‍' നടത്തിയത്. ഇതിന് 25% മാച്ച് ഫീസ് (1,87,500 രൂപ) പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ഏപ്രില്‍ 4ന് മുംബൈ ഇന്ത്യന്‍സിന്റെ നമന്‍ ധീറിനെ പുറത്താക്കിയപ്പോഴും ഇതേ ആഘോഷം ആവര്‍ത്തിച്ചതിന് 50% മാച്ച് ഫീസ് (3,75,000 രൂപ) പിഴയും രണ്ട് ഡിമെറിറ്റ് പോയിന്റുകളും ലഭിച്ചു.
മെയ് 19ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ്മയെ പുറത്താക്കിയ ശേഷം നോട്ട്ബുക്ക് ആഘോഷം കൂടാതെ അഭിഷേകുമായുള്ള വാക്കേറ്റവും ഉണ്ടായതോടെ 50% മാച്ച് ഫീസ് പിഴയും ഒരു മത്സരത്തില്‍ വിലക്കും ലഭിച്ചു. ഇതോടെ മൊത്തം ഡിമെറിറ്റ് പോയിന്റുകള്‍ അഞ്ചായി, ഇത് ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനിലേക്ക് നയിച്ചു.
ദിഗ്വേഷ് രതിക്ക് 2025ലെ ഐപിഎല്ലില്‍ മൂന്ന് സംഭവങ്ങളില്‍ നിന്നായി 9,37,500 രൂപയാണ് പിഴ ചുമത്തപ്പെട്ടത്. മെയ് 22ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനുമാകില്ല. ഹൈദരാബാദിനെതിരായ കളിയില്‍ തോറ്റതോടെ എല്‍എസ്ജി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള പ്രതിഭയുള്ള താരമാണ് ദിഗ്വേഷ്. ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം അത് അടിവരയിടുന്നു. മുന്‍നിര ബാറ്റര്‍മാര്‍ക്ക് പോലും ദിഗ്വേഷിനെതിരെ സ്‌കോര്‍ ചെയ്യാന്‍ എളുപ്പമായിരുന്നില്ല. പ്രതിഭയുണ്ടെങ്കിലും ആവര്‍ത്തിച്ചുള്ള അച്ചടക്ക ലംഘനം താരത്തെ തഴയാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചേക്കും.
ദിഗ്വേഷ് രതിയുടെ പ്രകോപനപരമായ ആഘോഷങ്ങള്‍, പ്രത്യേകിച്ച് അഭിഷേക് ശര്‍മ്മയുമായുള്ള സംഘര്‍ഷം, ടീമിന്റെ പ്രതിച്ഛായയ്ക്കും താരത്തിന്റെ കരിയറിനും തിരിച്ചടിയായി. സഹോദരന്‍ സണ്ണി ആരെയും അനാദരിക്കരുത് എന്ന് ഉപദേശിച്ചിട്ടും ദിഗ്വേഷ് എതിര്‍കളിക്കാരെ ബഹുമാനിക്കാത്തത് ആരാധകരേയും ചൊടിപ്പിക്കുകയാണ്.