+

എഡിജിപി അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര വിവാദത്തിന് പിന്നില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍?, സ്ഥാനക്കയറ്റത്തിന് വേണ്ടി പാരവെച്ചതെന്ന് സൂചന

എഡിജിപി അജിത് കുമാര്‍ ശബരിമലയിലേക്ക് ട്രാക്ടര്‍ ഉപയോഗിച്ച് യാത്ര ചെയ്ത സംഭവം വിവാദമാക്കിയതിന് പിന്നില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന് സൂചന. ഐപിഎസ്സുകാര്‍ക്കിടയിലെ കിടമത്സരമാണ് ഇതിന് കാരണമെന്നും അജിത് കുമാറിന്

കൊച്ചി: എഡിജിപി അജിത് കുമാര്‍ ശബരിമലയിലേക്ക് ട്രാക്ടര്‍ ഉപയോഗിച്ച് യാത്ര ചെയ്ത സംഭവം വിവാദമാക്കിയതിന് പിന്നില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന് സൂചന. ഐപിഎസ്സുകാര്‍ക്കിടയിലെ കിടമത്സരമാണ് ഇതിന് കാരണമെന്നും അജിത് കുമാറിന് ചീത്തപ്പേരുണ്ടാക്കിയശേഷം സ്ഥാനക്കയറ്റം നേടുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു.

ജൂലൈ 12-ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ശബരിമലയിലെ നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കേരള പോലീസിന്റെ ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം. ഈ ട്രാക്ടര്‍, സാധനങ്ങള്‍ കൊണ്ടുപോകാനായി ഉപയോഗിക്കുന്നതിന് മാത്രമാണ് അനുവദനീയമെന്ന 2021-ലെ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ എഡിജിപിയുടെ യാത്ര നിയമം ലംഘിച്ചതായി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ajith

അജിത് കുമാര്‍, തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം, ട്രാക്ടറില്‍ സന്നിധാനത്ത് എത്തുകയും അടുത്ത ദിവസം, അതേ ട്രാക്ടറില്‍ തിരിച്ചുപോന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥനു വേണ്ടി ചിലര്‍ പുറത്തുവിട്ടതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് വിവരം.

അജിത് കുമാറിനെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇപ്പോഴത്തെ വിവാദം എന്ന സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എഡിജിപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയശേഷം ആ സ്ഥാനത്തേക്ക് എത്താനുള്ള മറ്റൊരു ഉദ്യോഗസ്ഥന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

അജിത് കുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത വിശ്വസ്തനായി കണക്കാക്കപ്പെടുന്നതിനാല്‍, ഈ സംഭവം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉയര്‍ത്തപ്പെട്ടതാകാമെന്നും ആരോപണങ്ങളുണ്ട്. അതേസമയം, മുട്ടു വേദനയെ തുടര്‍ന്നാണ് ട്രാക്ടറില്‍ കയറേണ്ട സാഹചര്യമുണ്ടായതെന്നാണ് എം.ആര്‍ അജിത് കുമാറിന്റെ വിശദീകരണം. 

വിവാദവുമായി ബന്ധപ്പെട്ട്, ശബരിമലയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരെന്ന ചോദ്യം നിലനില്‍ക്കുകയാണ്. ശബരിമലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്റേയും ദേവസ്വം ബോര്‍ഡിന്റെ കസ്റ്റഡിയിലാണ്. ഇതില്‍ എവിടെനിന്ന് ചോര്‍ന്നാലും, ചോര്‍ത്തിയവരുടെ ലക്ഷ്യം എം.ആര്‍ അജിത് കുമാര്‍ മാത്രമല്ല, പൊലീസ് മന്ത്രി കൂടിയാണെന്നതാണ് യാഥാര്‍ത്ഥ്യം.

Sabarimala Pilgrimage: Health Department helps 2 people suffering from stroke

ശബരിമലയിലേക്ക് ട്രാക്ടറില്‍ കയറുന്ന ആദ്യ ഉന്നത വ്യക്തിയല്ല അജിത് കുമാര്‍. നേരത്തേയും പല ഉന്നതരും ഈ രീതിയില്‍ യാത്ര ചെയ്തിട്ടുണ്ട് എന്നിരിക്കെ അജിത് കുമാറിനെ ലക്ഷ്യംവെച്ച് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ ദുരൂഹതയുണ്ട്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച് ഹോം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍, കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍, അച്ചടക്ക നടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നതിനാല്‍, കോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തല്‍.

facebook twitter