ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ഇസ്രായേൽ

07:50 PM Oct 13, 2025 |


ജെറുസലേം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിക്കാൻ ഇസ്രായേൽ. ഗസ്സയിലെ ബന്ദിമോചനത്തിലും സമാധാന ശ്രമങ്ങളിലും നിർണായ ഇടപെടൽ കണക്കിലെടുത്ത് ട്രംപിന് ‘പ്രസിഡൻഷ്യൽ ​മെഡൽ ഓഫ് ​ഓണർ’ സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തന്റെ തുടർച്ചയായ പരിശ്രമത്തിലൂടെ ഇസ്രായേലികളായ ബന്ദികളെ തിരികെ എത്തിക്കുന്നതിൽ മാത്രമല്ല, സുരക്ഷയിലും സമാധാനത്തിലും സഹകരണത്തിലുമൂന്നിയ പുതിയ പശ്ചിമേഷ്യക്ക് അടിത്തറ പാകാനും ട്രംപിനായെന്ന് ഹെർസോഗ് പ്രസ്താവനയിൽ പറഞ്ഞു.

പുരസ്കാരം അടുത്തുതന്നെ സമ്മാനിക്കുമെന്നും തിങ്കളാഴ്ച ഇസ്രായേൽ സന്ദർശനത്തിനെത്തുന്ന ട്രംപിനെ തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും ഹെർസ്​ ഹോഗ് വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേലിൽ എത്തുന്ന ട്രംപ് ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ പാർല​മെന്റിനെ അഭിസംബോധന ചെയ്യുമെന്നും വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ​​ചെയ്തു.

സമാധാന പദ്ധതിയിലെ ആദ്യഘട്ടത്തിൽ ഇസ്രായേലും ഹമാസും പരസ്പരം ബന്ദികളെ കൈമാറാനുള്ള നടപടികൾക്കിടെയാണ് ഇസ്രായേൽ ട്രംപിന് പരമോന്നത പുരസ്കാരം പ്രഖ്യാപിക്കുന്നത്. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിലാണ് രണ്ടുവർഷം നീണ്ട ഇസ്രായേൽ -ഹമാസ് യുദ്ധത്തിന് വിരാമമായത്.

‘ട്രംപിന്റെ ക്രിയാത്മകമായ ഇടപെടൽ ഇസ്രായേലിലും ജൂതസമൂഹത്തിലും തലമുറ​കളോളം ഓർമിക്കപ്പെടും. ഇസ്രായേലിനുള്ള അകമഴിഞ്ഞ പിന്തുണയും, ബന്ദിമോചനത്തി​ന് വഴിതെളിച്ച സമാധാന പദ്ധതികളും, ഇറാന്റെ ആണവ പദ്ധതിയിലുള്ള ആക്രമണവുമടക്കം വിഷങ്ങളിൽ നേതൃപരവും ധിക്ഷണാപരവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സമാധാന പുനഃസ്ഥാപനത്തിനും മാനവികതക്കും വേണ്ടി ട്രംപ് വിട്ടുവിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു,’-ഹെർസ്ഹോഗിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമക്കും 2013ൽ പുരസ്കാരം സമ്മാനിച്ചിരുന്നു.