ഇസ്രയേൽ – ഇറാൻ സംഘർഷം ; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് മോദി

06:25 PM Jun 14, 2025 |


ഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യങ്ങൾ നെതന്യാഹു വിശദീകരിച്ചു. ജർമൻ ചാൻസലർ ഫ്രഞ്ച് പ്രസിഡന്റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി. നെതന്യാഹു തന്നെ വിളിച്ചതായും നിലവിലെ സാഹചര്യങ്ങൾ വിവരിച്ചതായും നരേന്ദ്ര മോദി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ത്യയുടെ ആശങ്കകളും മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്റെ റവല്യൂഷനറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മാത്രം 6 സ്‌ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.