ഇസ്രയേല്‍ ഉപരോധം ; ഗാസയില്‍ കൊടുംപട്ടിണി

06:19 AM Jul 26, 2025 |


ഇസ്രയേല്‍ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തില്‍ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസാക്ഷിയെ മരവിപ്പിക്കും. ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.

കൊടും പട്ടിണിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ഗാസ. 110 ലധികം പേര്‍ ഇതിനോടകം പട്ടിണിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 80 കുട്ടികളാണ് പോഷകാഹാരക്കുറവില്‍ മരിച്ചുവീണത്. 6 കുട്ടികളുടെ അമ്മയായ സനയുടെ വാര്‍ത്ത ഇതിനകം ലോകത്തെ നൊമ്പരത്തിലാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണ് സന. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്.