ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഗാസ സംഘര്‍ഷത്തിനിടെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സയര്‍ അബുദാബി സന്ദര്‍ശിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഗാസ മുനമ്പില്‍ വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു. മേഖലയില്‍ സുസ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ നീക്കങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
പലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് സമാധാനപരമായ പരിഹാരമെന്ന് അതിനായുള്ള ചര്‍ച്ചകള്‍ അടിയന്തരമായി ആരംഭിക്കണമെന്നും ശെയ്ഖ് അബ്ദുല്ല പറഞ്ഞു, ഇത് മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു. ശാശ്വതമായ വെടിനിര്‍ത്തലിലെത്തുന്നതിനും മേഖലയിലെ സംഘര്‍ഷം വ്യാപിക്കുന്നത് തടയുന്നതിനുമുള്ള യോജിച്ച ശ്രമങ്ങളുണ്ടാവണം. അക്രമങ്ങളും സംഘര്‍ഷവും അവസാനിപ്പിക്കുക, സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുക, അടിയന്തര മാനുഷിക സഹായം അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.