ഹേമചന്ദ്രന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. തങ്ങള്‍ കൊല്ലപ്പെടുത്തിയത് അല്ല. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താന്‍ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗള്‍ഫില്‍ എത്തിയതാണ് നൗഷാദ് പറയുന്നു. വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും നൗഷാദ്. തിരിച്ചുവന്നാല്‍ ഉടന്‍ പൊലീസിനു മുന്നില്‍ ഹാജരാകും. നിരവധി പേര്‍ക്ക് ഹേമചന്ദ്രന് പണം നല്കാന് ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.
അതേ സമയം ഹേമചന്ദ്രന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഹേമചന്ദ്രന് ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളില്‍ നിന്നായി രണ്ട് സിം കാര്‍ഡുകളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. മറ്റ് സിം കാര്‍ഡുകള്‍ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ ഒളിപ്പിച്ച ഫോണുകള്‍ മൈസൂരില്‍ നിന്നുമാണ് കണ്ടെത്തിയത്. ഈ ഫോണുകളാണ് പരിശോധനയ്ക്ക് അയക്കുക.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാര്‍ച്ചിലാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തി. ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കിയെന്നും പൊലീസ് പറയുന്നു. ഹേമചന്ദ്രന് കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.