ന്യൂഡൽഹി : പാകിസ്താന് വായ്പ നൽകുന്നത് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന ഐ.എം.എഫ് യോഗത്തിന്റെ വോട്ടിങ്ങിൽ നിന്നും ഇന്ത്യ വിട്ടുനിന്നതിനെ വിമർശിച്ച് കോൺഗ്രസ്. ജയ്റാം രമേശാണ് എക്സിലൂടെ വിമർശനവുമായി രംഗത്തെത്തിയത്. വോട്ടെടുപ്പിൽ പങ്കെടുത്ത് വായ്പ നൽകുന്നതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നുവെങ്കിൽ അത് പാകിസ്താന് ശക്തമായ സന്ദേശം നൽകുമായിരുന്നുവെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഐ.എം.എഫ് പാകിസ്താന് വായ്പ നൽകുന്ന വിഷയം സംഘടനയിൽ എത്തുമ്പോൾ ഇന്ത്യ എതിർത്ത് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29ന് തന്നെ ഇക്കാര്യം കോൺഗ്രസ് സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാൽ, വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇന്ത്യ ചെയ്തതത്.
ഐ.എം.എഫിന്റെ വോട്ടിങ്ങിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞ് മാറുകയാണ് മോദി സർക്കാർ ചെയ്തത്. പാകിസ്താന് ശക്തമായ ഒരു സന്ദേശം നൽകാനുള്ള അവസരമാണ് ഇല്ലാതാക്കിയതെന്നും ജയ്റാം രമേശ് പറഞ്ഞു.
അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പാകിസ്താന് 230 കോടി ഡോളർ വായ്പ നൽകുന്നതിനെ എതിർത്ത് ഇന്ത്യ രംഗത്തെത്തിയിരുന്നു. രാഷ്ട്രത്തിന്റെ പിന്തുണയോടെ അതിർത്തി കടന്നുള്ള തീവ്രവാദത്തിനായി പണം ദുർവിനിയോഗം ചെയ്യുന്നതായി ആരോപിച്ചും ഇതുവരെയുള്ള സഹായം ചെലവഴിക്കുന്നതിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ എതിർപ്പറിയിച്ചത്. തുടർന്ന് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.