ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ അംഗീകരിച്ചതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധർ. പരമാധികാരത്തിലും സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ പാക്കിസ്ഥാൻ എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് ഇഷാഖ് ധർ അവകാശപ്പെട്ടു.
ഇന്ത്യ -പാകിസ്ഥാൻ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ. വെടിനിർത്തൽ അഞ്ച് മണിക്ക് പ്രാബല്യത്തിൽ വന്നു. ഇന്ന് അഞ്ച് മണി മുതൽ സൈനിക നീക്കങ്ങൾ ഉണ്ടാകില്ല. അതേസമയം അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ.
ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.
വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.