+

ജാതിസെൻസെസ് തടഞ്ഞത് ജവഹർലാൽ നെഹ്റുവാണ് : മധ്യപ്രദേശ് മുഖ്യമന്ത്രി

ജാതിസെൻസെസ് തടഞ്ഞത് ജവഹർലാൽ നെഹ്റുവാണ് : മധ്യപ്രദേശ് മുഖ്യമന്ത്രി

ഇന്ദോർ: ജാതിസെൻസെസ് തടഞ്ഞത് ജവർഹലാൽ നെഹ്റുവാണെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ദീർഘകാലം അധികാരത്തിലിരുന്നി​ട്ടും കോൺഗ്രസ് ഒ.ബി.സി വിഭാഗത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആരോപിച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രിയു​ടെ പ്രതികരണം.

വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പാർട്ടിയുടെ മുൻചെയ്തികൾ കോൺഗ്രസ് അധ്യക്ഷൻ പരിശോധിക്കണം. ജാതിസെൻസെസ് തടഞ്ഞത് ജവഹർലാൽ നെഹ്റുവാണ്. കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു. ഒ.ബി.സികളുടെ ഉന്നമനത്തിനായി അവർ ഒന്നും ചെയ്തില്ലെന്നുംഅദ്ദേഹം ആരോപിച്ചു.

ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളയാളാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. മധ്യപ്രദേശിന് ബി.ജെ.പി നാല് ഒ.ബി.സി മുഖ്യമന്ത്രിമാരെ നൽകിയിട്ടുണ്ട്. കോൺഗ്രസ് ഒരു ഒ.ബി.സി മുഖ്യമന്ത്രിയെ പോലും സംസ്ഥാനത്തിന് നൽകിയില്ല. ഒ.ബി.സി വിഭാഗത്തെ അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്തത്.

വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ രാഹുൽ ഗാന്ധി ഇന്ത്യക്കെതിരെ സംസാരിക്കുകയാണ് പതിവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണത്തെ യു.എസ് സന്ദർശനത്തിൽ ശരിയായ പാതയിലൂടെ രാഹുൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പ്രതികരണത്തോടുള്ള ചോദ്യത്തിന് ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ വ്യക്തത വരുത്തിയിട്ടുണ്ടെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം.

facebook twitter