യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ദിവസമാണ് ദുഃഖ വെള്ളി. യേശുദേവൻ പകർന്ന സ്‌നേഹവും സാഹോദര്യവം സഹനവും ഓർക്കാനും അതിൽ നിന്ന് വഴി മാറി പോകാതരിക്കാനും യേശുദേവൻ ചെയ്ത് തന്ന നന്മയുടെ ഓർമക്കായി ക്രൈസ്തവർ ദുഃഖ വെള്ളി ആചരിക്കുന്നു.
ഗാഗുൽത്താ മലയിൽ നിന്നും കാൽവരിക്കുന്നിലേക്ക് മുൾക്കിരീടം ചൂടി, റോമാ സൈനികരുടെ ആവർത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തൻറെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക് നടന്ന് പോയ ക്രിസ്തു. അദ്ദേഹമേറ്റ ഓരോ അടിയും സ്വന്തം വിശ്വാസികളെ രക്ഷിക്കാനായിരുന്നു. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നൽകിയ പുതുജീവിതത്തിന്റെ ഓർമാചാരംകൂടിയാണ് ദുഃഖ വെള്ളി.
ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി?
ഇംഗ്ലീഷിൽ ഈ ദിനം ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, യേശുവിനെ കുരിശിലേറ്റിയ ദിവസം നമുക്ക് ദുഃഖ വെളളിയാണ്. അതേസമയം, ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വന്ന അർത്ഥ വ്യത്യാസത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് പാശ്ചാത്യരാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡേ (God’s Friday) അഥവാ ദൈവത്തിന്റെ ദിനം എന്ന വാക്കാണ് ഗുഡ് ഫ്രൈഡേ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഹോളി ഫ്രൈഡേ (വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ (വലിയ വെളളി), ഈസ്റ്റർ ഫ്രൈഡേ (ഈസ്റ്റർ വെളളി), ബ്ലാക്ക് ഡേ (കറുത്തദിനം) എന്നിങ്ങനെ പല രാജ്യങ്ങളിലായി ദുഃഖ വെള്ളി അറിയപ്പെടുന്നുണ്ട്.
അമേരിക്ക അടക്കം മിക്ക രാജ്യങ്ങളും ഗുഡ് ഫ്രൈഡേ എന്നാണ് ഉപയോഗിച്ചു പോരുന്നത്. പക്ഷെ ജർമനിയിൽ സോറോഫുൾ ഫ്രൈഡേ (ദുഃഖ വെളളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. യേശുവിന്റെ പീഢാ സഹനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മലയാളത്തിലും ജർമനിയിലും ഈ ദിനം ദുഃഖ വെളളി എന്ന പേരിൽ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിനു ശേഷം യേശു യാതനകളും പീഢകളും മനുഷ്യകുലത്തിനു വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓർമ പുതുക്കാനായാണ് ക്രൈസ്തവർ ദുഃഖ വെളളി എന്ന് ഉപയോഗിച്ചു പോന്നത്.
മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു കുരിശിൽ സഹിച്ച പീഢകളെല്ലാം. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അർഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു. പാപത്തിനു മേൽ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്.
അതേസമയം, ആദിമക്രൈസ്തവരുടെ കാലം മുതൽ തന്നെ ദുഃഖ വെള്ളി ആചരിച്ചു പോന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സഭാചരിത്രകാരനായ എവുസേബിയൂസ് (260-340) ദുഃഖ വെള്ളി ആഘോഷങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ കാലത്തിനു മുൻപു തന്നെ ദുഃഖ വെള്ളി ആചരണം നടന്നിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള യേശുവിന്റെ യാത്ര സഹനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും യേശു കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകൾ സഹിച്ചും പരിഹാസങ്ങൾ ഏറ്റുവാങ്ങിയും യേശു മരിച്ചു.
'അപ്പോൾ ഭൂമി കുലുങ്ങി, സൂര്യൻ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങൾ തുറക്കപ്പെട്ടു. പിതാവേ, അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു' എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂർത്തിയാകുകയായിരുന്നു.
മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു പാപങ്ങൾ സ്വയം ഏറ്റെടുത്ത് യേശു മുൾക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും. 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുൽത്താ മലയിൽ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതും എല്ലാം മാനവർക്കുവേണ്ടിയായിരുന്നു. കുരിശിൽ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങൾ ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.