+

കുഞ്ഞിന്റെ നഷ്ടമായ സ്വർണാഭരണം നടപ്പാതയിൽനിന്ന്‌ കിട്ടി; പത്തനംതിട്ടയിൽ ഉടമയ്ക്ക് മടക്കിനൽകി പോലീസ്

പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ.വി. അരുൺ കുമാർ അമ്മയുടെ ഒക്കത്തിരുന്ന പാൽപ്പുഞ്ചിരി തൂകുന്ന കുഞ്ഞിന്റെ  കൈകളിലേക്ക് സ്വർണചെയിൻ വച്ചുകൊടുത്തു. ഇനിമേലിൽ ചെയിൻ കൊണ്ടുകളയരുതെന്ന ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല. 

പത്തനംതിട്ട:പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ.വി. അരുൺ കുമാർ അമ്മയുടെ ഒക്കത്തിരുന്ന പാൽപ്പുഞ്ചിരി തൂകുന്ന കുഞ്ഞിന്റെ  കൈകളിലേക്ക് സ്വർണചെയിൻ വച്ചുകൊടുത്തു. ഇനിമേലിൽ ചെയിൻ കൊണ്ടുകളയരുതെന്ന ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല. 

പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ  കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിലെത്തിയതാണ് കുഞ്ഞുവാവയും അമ്മയും. മൈലപ്ര എസ്ബിഐ ശാഖയ്ക്കുസമീപം നടപ്പാതയിൽനിന്ന്‌ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മണ്ണാറക്കുളഞ്ഞി കണ്ണൻതടത്തിൽ സുഗതന് സ്വർണാഭരണം കളഞ്ഞുകിട്ടിയെന്നും അദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. കുഞ്ഞിന്റെ കൈയിൽ കിടന്ന ചെയിൻ നഷ്ടപ്പെട്ട സങ്കടത്തോടെ കഴിയുമ്പോഴാണ് മീര വാർത്ത കാണുന്നത്.

ഏറെ ആശ്വാസത്തോടെ പത്തനംതിട്ട ഇൻസ്‌പെക്ടറുടെ ഫോണിൽ വിളിച്ച് സ്വർണത്തിന്റെ അടയാളവിവരവും മറ്റും പറഞ്ഞപ്പോൾ സ്റ്റേഷനിലെത്താൻ നിർദേശം. സ്വർണാഭരണം കൈപ്പറ്റാൻ അമ്മയും കുഞ്ഞും സ്റ്റേഷനിലെത്തി. നിറഞ്ഞചിരിയോടെ ഇരുവരെയും വരവേറ്റ പോലീസ് ചെയിൻ കുഞ്ഞിന്റെ കൈയിൽ വച്ചുകൊടുത്തു.

സ്വർണം കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച സുഗതൻ, പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല. അസൗകര്യമുണ്ടെന്നറിയിച്ചതിനാൽ അദ്ദേഹത്തെ കാര്യങ്ങൾ പോലീസ് ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് സ്വർണ ചെയിൻ ഏറ്റുവാങ്ങി ഇറങ്ങിയ യുവതി, സുഗതനെ തന്റെ നന്ദി അറിയിക്കണമെന്ന് പോലീസിനോട് പറയാനും മറന്നില്ല. 

facebook twitter