ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ : എട്ട് പേർ കൊല്ലപ്പെട്ടു

03:30 PM Apr 21, 2025 | Neha Nair

ബൊക്കാറോ: ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവിൽ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

കഴിഞ്ഞ ആഴ്ച്ച ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ബീജാപൂർ ജില്ലയിലെ ടെക്മെൽട്ട ഗ്രാമത്തിലെ വനമേഖലയിൽ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അതുപോലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

അതേസമയം കീഴ്പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്.