ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) സംഘര്‍ഷം. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് നിതേഷ് കുമാര്‍ ഉള്‍പ്പടെ 28 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി യൂണിയന് ഭാരവാഹികളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റിന് സമീപം വൈകിട്ട് ആറോടെയാണ് പ്രതിഷേധവുമായി ഇടത് വിദ്യാര്‍ത്ഥി നേതാക്കള്‍ ഒത്തുകൂടിയത്. എണ്‍പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയെന്നും പൊലീസുകാരെ ആക്രമിച്ചെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
19 ആണ്‍കുട്ടികളെയും ഒന്‍പത് പെണ്‍കുട്ടികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിതേഷ് കുമാറിന് പുറമെ ജെഎന്‍യുവിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റ് മനീഷ, ജനറല്‍ സെക്രട്ടറി മുന്തിയ ഫാത്തിമ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാധാനമായി നടത്തിവന്ന പ്രതിഷേധം പൊലീസാണ് അക്രമാസക്തമാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.