തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകൾ പുറത്ത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ പുതിയ വാതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലാണ് ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയത്.
അതിനിടെ, ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസവും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ശബരിമലയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റ് ഇത് പങ്കിട്ടെടുത്തെന്നാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിയിടപാട് നടത്തിയതായി ഇയാള്‍ മൊഴിനല്‍കിയെന്നും സൂചനയുണ്ട്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു.
വീട്ടിൽ നടത്തിയ പരിശോധനക്കിടെ ഇടപാടുകളുടെ ആധാരങ്ങൾ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020-നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.