+

പാവപ്പെട്ടവരുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് പദ്ധതിയുടെ പേര് മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത് ; കെ. രാധാകൃഷ്ണൻ

പാവപ്പെട്ടവരുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് പദ്ധതിയുടെ പേര് മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത് ; കെ. രാധാകൃഷ്ണൻ

ന്യൂഡൽഹി : പാവപ്പെട്ടവരുടെ ഏക ആശ്രയമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തന്നെ ഇല്ലാതാക്കാനാണ് പദ്ധതിയുടെ പേര് മാറ്റുന്നതിലൂടെയും സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതിലുടെയും ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ (എം) ലോകസഭാ കക്ഷി നേതാവ് കെ. രാധാകൃഷ്ണൻ എം.പി ലോക്സഭയിൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ പദ്ധതിയുടെ പേരിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് മാറ്റാനുള്ള നീക്കം ചെയ്യുന്നതിനെതിരെ വി.ബി ജി റാം ജി ബില്ലിൽ രാധാകൃഷ്ണൻ കൊണ്ടുവന്ന ഭേദഗതി സ്പീക്കർ ഓം ബിർള തള്ളി.

1948 ജനുവരി 30ന് ഗാന്ധിജിയെ കൊലപ്പെടുത്തിയ ശക്തികൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെയും ഗ്രാമീണ ഇന്ത്യയുടെ പുരോഗതിയെയും കേന്ദ്രം അവഗണിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം പദ്ധതിയുടെ 40 ശതമാനം തുകയും സംസ്ഥാനങ്ങൾ തന്നെ കണ്ടെത്തണമെന്ന വ്യവസ്ഥ പദ്ധതിയെ പൂർണ്ണമായും തകർക്കും. ഇത് സംസ്ഥാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത സാമ്പത്തിക ഭാരമാകുമെന്നും ഫലത്തിൽ പദ്ധതി നിന്നുപോകുന്ന അവസ്ഥയുണ്ടാക്കുമെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം കുറക്കാൻ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും, ദാരിദ്ര്യ നിർമർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി ഫലമാണെന്നും അദ്ദേഹം വിശദീകരിച്ചു. നഗരപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ കേരളത്തിന്റെ മാതൃക രാജ്യം മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ദരിദ്രരുള്ള നമ്മുടെ രാജ്യത്ത് കേരളം ഇക്കഴിഞ്ഞ നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്തമായത് തൊഴിലുറപ്പിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

facebook twitter