ഇടുക്കി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ സൃഷ്ടിച്ചതെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാർക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്സ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ വീഡിയോ കെ.വൈ.സി വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സൗകര്യമുള്ള ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ആകെ ലഭ്യമാക്കിയ ഒരു ലക്ഷത്തി അറുപത്തിയ്യായിരത്തോളം വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ 70,937 സർട്ടിഫിക്കറ്റുകൾ വീഡിയോ കെ. വൈ.സി വഴിയായിരുന്നു. 82212 ബിൽഡിംഗ് പെർമിറ്റുകൾ ലഭ്യമാക്കിയത് 30 സെക്കൻ്റിൽ താഴെ സമയം കൊണ്ടാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി വഴിയുള്ള സേവനങ്ങൾക്ക് ഒരാൾക്കും ഓഫീസ് കയറിയിറങ്ങേണ്ട ആവശ്യമില്ല. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാം. എല്ലാ സേവനങ്ങളും ഓൺലൈൻ ആയി ലഭിക്കും. സുതാര്യവും വേഗത്തിലുമായി സേവനങ്ങൾ.
തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ എഴുപതിനായിരം കോടി രൂപയാണ് പഞ്ചായത്തുകൾക്ക് സർക്കാർ അനുവദിച്ചത്. അർഹമായ നികുതി വിഹിതവും വായ്പാ വിഹിതവും ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക ഞെരുക്കത്തിനിടയിലാണിത്. പഞ്ചായത്തുകൾക്കുള്ള വിഹിതം വെട്ടിച്ചുരുക്കുകയല്ല ഓരോ വർഷവും 0.5 ശതമാനം വീതം വികസന ഫണ്ട് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും മന്ത്രി പറഞ്ഞു. ഗ്യാസ് ക്രമിറ്റോറിയത്തിൻ്റെയും, സഹ്യദർശൻ പാർക്കിൻ്റെയും പ്രവർത്തനോദ്ഘാടനവും പടിഞ്ഞാറെ കവലയിൽ ആരംഭിക്കുന്ന ഓപ്പൺ മാർക്കറ്റിൻ്റെ നിർമ്മാണോദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
എം.എം മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി. കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി. ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻ്റംഗ് കമ്മറ്റി ചെയർപേഴ്സൺ സുരേഷ് പള്ളിയാടിയിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു സഹദേവൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജിമോൾ വിജയൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി എസ്. ബാബു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റാണി തോമസ്, വനജകുമാരി സജീവ്‌ലാൽ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ശോഭന വിജയൻ,
ലേഖ ത്യാഗരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എസ് മഹേശ്വരൻ, കുഞ്ഞുമോൻ, ലിസി ദേവസ്യ, പത്മ അശോകൻ, രമ്യ ഷിജു, ജോജി ഇടപ്പള്ളിക്കുന്നേൽ, ഷിബു ചെരികുന്നേൽ, രാജേഷ് ജോസഫ്, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.