കണ്ണൂർ: സ്ഥാനമൊഴിയുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ തൻ്റെയും പാർട്ടിയുടെയും കരുത്താണെന്ന് നിയുക്ത കെ.പി.സി.സി അദ്ധ്യഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കണ്ണൂർ ഡി.സി.സി ഓഫിസിൽ കെ. സുധാകരൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻ്റെന്ന ഭാരിച്ച ഉത്തരവാദിത്വം തന്നെ ഏൽപിച്ച ദേശീയ നേതൃത്വത്തിനോട് നന്ദിയുണ്ട്.
പാർട്ടിയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മുൻപോട്ടു പോകും. കോൺഗ്രസിനെ മാത്രമല്ല യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. താനുൾപ്പെടെയുള്ള പുതിയ ടീമിനെയാണ് എഐ.സി.സി പ്രഖ്യാപിച്ചത്.
എ.കെ ആൻ്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിളിച്ചു അഭിനന്ദനം അറിയിച്ചു. പാർട്ടി തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമൊന്നിച്ചു പ്രവർത്തിച്ച അനുഭവം തനിക്കുണ്ട്. ഒട്ടേറെ നേതാക്കളുമായുള്ള അടുത്ത ബന്ധമുണ്ട്. ഇതു കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.