വെള്ളാപള്ളിക്ക് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് പറയാൻ അവകാശമുണ്ട്; വി.ഡി സതീശനെ കുറിച്ച് പറഞ്ഞത് തെറ്റ്; കെ.സുധാകരൻ

01:41 PM Dec 22, 2024 | Litty Peter

കണ്ണൂർ: വെള്ളാപ്പള്ളി നടേശൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നത് പറഞ്ഞതിൽ തെറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തല കെ.പി.സി.സി വർക്കിങ് കമ്മിറ്റിയംഗമാണ്. കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഒരുപാട് പാർട്ടിയുടെ കേരളത്തിലെ പല പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരുപാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. 

രമേശിന് മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല. പാർട്ടിയിൽ ഇതു സംബന്ധിച്ച ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസ്. ഞങ്ങളാരും ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പറ്റുമോയെന്ന് അങ്ങോട്ട് പോയി ചോദിച്ചിട്ടില്ല. അങ്ങനെ പറയാൻ കഴിയില്ല.

നേരത്തെയും കോൺഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരൻ മുഖ്യമന്ത്രിയായ കാലയളവിൽ അന്ന് എ.കെ. ആൻ്റണി, വയലാർ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ.കരുണാകരനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായത്. വെള്ളാപ്പള്ളിക്ക് ഈ കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല നേരത്തെയും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവരുടെ പൊളിറ്റിക്സുണ്ട്.

കേരളത്തിൽ പ്രവർത്തിക്കുന്ന സമുദായത്തിൻ്റെ നേതാവായ വെള്ളാപള്ളിക്കും തൻ്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു ഞങ്ങൾ മാനിക്കും. എന്നാൽ വി.ഡി സതീശൻ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞ അഭിപ്രായം തെറ്റാണ്. തറനേതാവണന്നൊക്കെ പറയാൻ പാർട്ടി അനുവദിക്കില്ല. അങ്ങനെയൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

കേരളത്തിൽ ജന പിൻതുണയുള്ള നേതാവാണ് വി.ഡി സതീശൻ. അതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളവർ ഒരുപാട് പേരുണ്ടെന്നും അവരുൾപ്പെടുന്നവർ ചർച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി സംഘടനയെ ശക്തമാക്കാനുള്ള ചർച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ അത്ഭുതകരമായ മുന്നേറ്റം പാർട്ടി നടത്തുമെന്നും സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കൽ കേസിൽ തന്നെ കുടുക്കാൻ പൊലിസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ്. നിങ്ങൾക്ക് പ്രമോഷൻ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോൾ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോൻസൺ കേസിൽ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താൻ അന്നേ പറഞ്ഞതാണ്. തെളിയിക്കാൻ കഴിയുമെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ സ്റ്റാൻഡാണ് താൻ സ്വീകരിച്ചത്. പി.ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവർക്കും അറിയാമെന്നും കെ.സുധാകരൻ പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്ലീം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്നും പ്രീയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വർഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ്റെ പ്രസ്താവന പ്രതിഷേധാർഹമാണ്. സി.പി.എം ബി.ജെ.പി അന്തർധാരയുടെ ഭാഗമാണിത്. അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ സി.പി.എം ബി.ജെ.പിയെപ്പോലെ രാഹുൽ ഗാന്ധിയെ ശത്രുപക്ഷത്താണ് നിർത്തുന്നതെന്നും സുധാകരൻ പറഞ്ഞു.