+

കെ. സുധാകരന് പിൻഗാമിയായി വിശ്വസ്ത മിത്രം സണ്ണി ജോസഫ് ഇനി പാർട്ടിയെ നയിക്കും

കണ്ണൂർ ജില്ലയിൽ നിന്നും കോൺഗ്രസിന് കരുത്തേകാൻ മറ്റൊരു നേതാവ് കൂടി. 2001 ൽ കെ. സുധാകരന് പകരം ഡി.സി.സി പ്രസിഡൻ്റായിരുന്നു സണ്ണി ജോസഫ്.

കണ്ണൂർ : കണ്ണൂർ ജില്ലയിൽ നിന്നും കോൺഗ്രസിന് കരുത്തേകാൻ മറ്റൊരു നേതാവ് കൂടി. 2001 ൽ കെ. സുധാകരന് പകരം ഡി.സി.സി പ്രസിഡൻ്റായിരുന്നു സണ്ണി ജോസഫ്. 2025 മെയ് എട്ടിന് ഇതേ ചരിത്രം തന്നെയാണ് ആവർത്തിക്കുന്നത്. കെ. സുധാകരൻ്റെ അതീവ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് സണ്ണി വക്കീലെന്ന് അണികൾ വിളിക്കുന്ന സണ്ണി ജോസഫ്.

കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫ്, റോസക്കുട്ടി ദമ്പതികളുടെ മൂത്തമകനായി തൊടുപുഴയിലാണ് ഇദ്ദേഹത്തിൻ്റെ ജനനം. മലബാറിലേക്ക്  കുടിയേറിയകുടുംബങ്ങളിലൊന്നായിരുന്നു. ഉളിക്കൽ, എടൂർ, കിളിയന്തറ സ്കൂളുകളിൽ പഠിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദം.

വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവം, കേരള യൂണിവേഴ്സിറ്റി യൂണിയനംഗം, കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായിരുന്നു. കോഴിക്കോട് ലോ കോളേജിൽ വിദ്യർത്ഥിയായിരിക്കുമ്പോൾ തന്നെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് തല കമ്മിറ്റി പ്രസിഡന്റായും തുടർന്ന് ഇരിക്കൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, യു ഡി എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മട്ടന്നൂർ, തലശ്ശേരി കണ്ണൂർ കോടതികളിൽ അഭിഭാഷകനായി ജോലി ചെയ്തു. മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡണ്ടായും പ്രവർത്തിച്ചു. നിയമസഭയിലേക്കുള്ള പ്രഥമ മത്സരത്തിൽ 201108 പേരാവൂർ നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ശൈലജ ടീച്ചറെ പരജയപ്പെടുത്തി എം എൽ എ യായി. വിദ്യാർത്ഥി ആയിരിക്കുന്ന കാലം തൊട്ട് സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിൽ പ്രവർത്തനം കാഴ്ച്ച വയ്ക്കുവാൻ സാധിച്ചു.

കാർഷിക പ്രശ്നങ്ങളിൽ ഇടപെട്ട് സമരങ്ങളിൽ സജീവമായിരുന്നു. ഇരിട്ടി താലൂക്ക് രൂപീകരണ ആക്ഷൻ കമ്മിറ്റി ചെയർമാനായി മൂന്ന് പതിറ്റാണ്ടുകാലം പ്രവർത്തിച്ചു. എം.എൽ.എ ആയതിനെ തുടർന്ന് മലയോര താലൂക്കെന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുവാനും കേരളത്തിലെ താലൂക്കുകൾ വിഭജിച്ച് പുതുതായി 12 താലൂക്കുകൾ രീപീകരിക്കുന്നതിനുവേണ്ടിയുമുള്ള ഗവൺമെന്റ് തീരുമാനമെടുപ്പിക്കുവാൻ പ്രയ്ത്നിച്ചു.

എം.എൽ.എ. എന്ന നിലയിൽ വികസനകാര്യങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും കാര്യക്ഷമതയോടെ ഇടപെടാൻ സാധിച്ചുവെന്നത് അഭിമാനമായി കരുതുന്നു. പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് 3-ാം തവണയും വിജയിച്ച് നിലവിൽ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കുടിയാണ്. അതോടൊപ്പം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി രാഷ്ട്രീയ കാര്യാ സമിതി അംഗമായി പ്രവർത്തിച്ചു വരുന്നു. ഭാര്യ എൽസി ജോസഫ്, രണ്ട് പെൺകുട്ടികൾ ആഷ് റോസ്, ഡോ. അഞ്ചു റോസ് . രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു. മരുമക്കൾ പ്രകാശ് മാത്യു, ഡോ. സാൻസ് ബൗസിലി.

facebook twitter