'കെ.എസ് ഞങ്ങളുടെ ജീവൻ ,തുടരണം ; കണ്ണൂരിൽ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു : കെ.സുധാകരനെ മാറ്റിയാൽ കോൺഗ്രസിൽ പൊട്ടിത്തെറി

11:24 AM May 06, 2025 |




കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എം.പി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണമെന്ന വാചകത്തതോടെയാണ്   സുധാകരൻ്റെ തട്ടകമായകണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും. പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്' 'താരാട്ട് കേട്ട് വളർന്നവൻ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരൻ്റെ തട്ടകമായ കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നതിൽ പ്രതിഷേധം ശക്തമാണ്. 

ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികൾ കെ.എസന്ന് വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റർ പ്രചരണം നടത്തിയതിലൂടെ എതിർപ്പിൻ്റെ വ്യക്തമായ സന്ദേശമാണ് എ' ഐ.സി.സി ക്ക് പ്രവർത്തകർ നൽകിയിട്ടുള്ളത്. നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റർ പ്രചരണം നടന്നിരുന്നു.

ഇതിനു ശേഷംകെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിട്ടുണ്ട്.. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി തുടരണമെന്ന്സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോർഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകനാണ് കെ സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോർഡിലുണ്ട്. ആന്‍റോ ആന്‍റണിയുടെ  രാഷ്ട്രീയ തട്ടകമായ കോട്ടയത്തും സുധാകരന് അനുകൂലമായി ബോർഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്. അണികളുടെ വികാരം മാനിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി എ.കെ. ആൻ്റണി ഉൾപ്പെടെയുള്ളനേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം.

എന്നാൽ സമ്പൂ‍ർണ നേതൃമാറ്റമെന്നതിൻ്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ മല്ലികാർജുൻ ഖ‍‍‍ർ​ഗെയും രാഹുൽ ​ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം.