കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിനെതിരെ വിജിലന്‍സിന് പരാതിയുമായി കെടി ജലീല്‍ എംഎല്‍എ. അനധികൃതസമ്പാദ്യമുണ്ടാക്കിയത് എങ്ങിനെയെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
ഫിറോസിന്റെയും സഹോദരന്‍ ജുബൈറിന്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അനുജന്റെ മയക്കുമരുന്ന് ഇടപാടില്‍ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകും. കണ്ണു ചിമ്മി തുറക്കുന്ന വേഗതയില്‍ കോടികളുടെ സമ്പാദ്യത്തിന്റെ ഉടമയായി മാറിയ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പി.കെ ഫിറോസിന്റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം സമഗ്രമായി അന്വേഷിക്കണമെന്ന് കെടി ജലീല്‍ ആവശ്യപ്പെട്ടു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു!
To
The Director,
Vigilance and Anti-Corruption Bureau,
Kerala Police Head Quarters, Thiruvananthapuram.
Subject: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തില്‍ പത്തിമംഗലത്ത് താമസിക്കുന്ന പി.കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട്.
പ്രിയപ്പെട്ട ഡയറക്ടര്‍,
കഴിഞ്ഞ 8 വര്‍ഷക്കാലമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിന്റെ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പി.കെ ഫിറോസ്. അതിനു മുമ്പ് പത്ത് വര്‍ഷക്കാലം മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്പരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഉള്ളതായി അറിയില്ല. നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചതായും പറഞ്ഞു കേട്ടിട്ടില്ല. ഉപജീവനത്തിന് പാര്‍ട്ടി എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കുന്നതായി അറിവുമില്ല. 2011 ല്‍ വിലപിടിപ്പുള്ള 12.5 സെന്റ് സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് ചേര്‍ത്തിരുന്നത്. അന്നും ഇന്നും അദ്ദേഹം നടത്തുന്ന ബിസിനസുകള്‍ ദുരൂഹമാണ്.
എന്നാല്‍ അദ്ദേഹം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കാണാം. കുടുംബ സ്വത്ത് അനന്തരമായി കിട്ടാന്‍ ഫിറോസിന്റെ പിതാവ് ഒരു സമ്പന്നനല്ല. അദ്ദേഹം കെ.എസ്.ആര്‍.ടി.സി-യില്‍ നിന്ന് വിരമിച്ച ഡ്രൈവറാണ്. പതിനഞ്ചു സെന്റ് സ്ഥലവും ഒരു കൊച്ചുവീടുമാണ് കുടുംബ സ്വത്തായി ഉള്ളത്. അതാകട്ടെ ഭാഗം വെച്ചിട്ടുമില്ല.
2011-ല്‍ MSF ന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കാലത്താണ് പി.കെ ഫിറോസ് കുന്നമംഗലം വില്ലേജില്‍ കോഴിക്കോട് വയനാട് റോഡിനോട് ചേര്‍ന്ന് ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം രൂപയെങ്കിലും സെന്റിന് വില വരുന്ന 12.5 സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങിയത്. ആധാരത്തിന്റെ കോപ്പി ഇതോടൊപ്പം വെക്കുന്നു. അതില്‍ ഒരു കോടി രൂപ വില വരുന്ന ഒരു വീടും അഞ്ചാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതു. വീടിന്റെ ഫോട്ടോയും പരാതിയോടൊപ്പം വെക്കുന്നു. ഇതേ കാലയളവില്‍ ഫിറോസിന്റെ ഭാര്യ ഒരു എയ്ഡഡ് സ്‌കൂളില്‍ അദ്ധ്യാപക നിയമനം നേടിയതായും കാണുന്നു. 'നാട്ടുനടപ്പ്' ഇവിടെയും പാലിക്കപ്പെട്ടന്ന് ഉറപ്പാണ്. ഇടക്കിടെ ഫിറോസ് തനിച്ചും കുടുംബസമേതവും നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. അത് സംബന്ധമായ വിവരങ്ങള്‍ ഫിറോസിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ബോദ്ധ്യമാകും.
കാശ്മീരിലെ കത്വയിലും ഉന്നോവയിലും ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ മുസ്ലിംയുത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഫിറോസ് മേല്‍നോട്ടം വഹിച്ച് സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒരു വലിയ ഫണ്ട് സ്വരൂപിച്ചിരുന്നു. ഭീമമായ ഒരു സംഖ്യ ശേഖരിച്ചെങ്കിലും വെറും ആറുലക്ഷം രൂപയാണ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയത്. 20,000 രൂപയിലധികം രൂപ ആര്‍ക്ക് കൈമാറുകയാണെങ്കിലും അത് ബാങ്ക് മുഖേനയാവണമെന്നുള്ള നിയമം ലംഘിച്ചാണ് ഫണ്ടിന്റെ നാമമാത്ര വിനിയോഗം പോലും നടന്നിട്ടുള്ളത്. നേരിട്ട് ജില്ലാ കമ്മിറ്റികളില്‍ നിന്ന് സംസ്ഥാന കമ്മിറ്റി കൈപ്പറ്റിയ പണത്തിന് യാതൊരു കണക്കുമില്ല. ഇതുമായി ബന്ധപ്പെട്ട് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്.
യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ 2,72,000 വെള്ള തോതികള്‍ ഒന്നിന് 600 രൂപ വിലയില്‍ കീഴ്കമ്മിറ്റികള്‍ മുഖേന വിറ്റഴിച്ച് നടത്തിയ ഫണ്ട് സമാഹരണത്തിലും വലിയ അഴിമതി നടന്നതായി ആക്ഷേപമുണ്ട്. ഇതിനും നേതൃത്വം നല്‍കിയത് പി.കെ ഫിറോസാണ്. ഈ പണമെല്ലാം ഉപയോഗിച്ചാവണം അദ്ദേഹം കോഴിക്കോട് 'Blue Fin' എന്ന പേരില്‍ ഒരു ട്രാവല്‍ ഏജന്‍സിയും അതേ പേരില്‍ ഒരു വില്ലാ പ്രോജക്ടും ആരംഭിച്ചത്. പ്രൊജക്ടിന്റെ ഭാഗമായുള്ള ആദ്യ വില്‍പനയുടെ ഉല്‍ഘാടനം മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് നിര്‍വ്വഹിച്ചത്. അതിന്റെ ഫോട്ടോ ഇതോടൊപ്പം വെക്കുന്നു. ഗള്‍ഫ് നാടുകളിലും ഫിറോസിന് ബിസിനസ് പങ്കാളിത്തമുള്ളതായി അറിയുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓരോ ഫണ്ട് കളക്ഷന്‍ നടന്നാലും അതില്‍ നിന്നുള്ള വലിയൊരു തുക റിവേഴ്‌സ് ഹവാലയായി ഗള്‍ഫില്‍ എത്തിച്ചാണ് തന്റെ നിക്ഷേപ തുക ടിയാന്‍ കണ്ടെത്തിയതെന്ന് സംശയിക്കണം. കുറേ സംഖ്യ ഇവിടെയും ചില സംരഭങ്ങളില്‍ നിക്ഷേപം നടത്തിയതിന് തെളിവാണ് 'Blue Fin' ട്രാവല്‍സും വില്ലാ പ്രൊജക്ടും.
പി.കെ ഫിറോസിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ദുരൂഹത നിലനില്‍ക്കെയാണ് മയക്കുമരുന്ന് കേസില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ പി.കെ ജുബൈര്‍ പോലീസ് പിടിയിലാകുന്നത്. ഫിറോസിന്റെയും സഹോദരന്‍ ജുബൈറിന്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ അനുജന്റെ മയക്കുമരുന്ന് ഇടപാടില്‍ ഫിറോസിന് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകും. കണ്ണു ചിമ്മി തുറക്കുന്ന വേഗതയില്‍ കോടികളുടെ സമ്പാദ്യത്തിന്റെ ഉടമയായി മാറിയ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പി.കെ ഫിറോസിന്റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം സമഗ്രമായി അന്വേഷിക്കണമെന്ന് താല്‍പര്യപ്പെടുന്നു.