
തിരുവനന്തപുരം: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നാലു ഭാഷകളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേരളത്തിലെ മ്യൂസിയം രംഗത്ത് കഴിഞ്ഞ ഒൻപതു വർഷത്തിനിടെ സംഭവിച്ച വലിയ മാറ്റങ്ങൾ വിശദീകരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം അക്ഷരാർത്ഥത്തിൽ പാലിച്ചുകൊണ്ട് ഏതാണ്ട് 30 ഓളം പുതിയ മ്യൂസിയം പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.
പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ കൈത്തറി മ്യൂസിയം, വൈക്കം സത്യാഗ്രഹ മ്യൂസിയം, പെരളശ്ശേരി എ.കെ.ജി. സ്മൃതി മ്യൂസിയം, തെയ്യം മ്യൂസിയം, ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം തുടങ്ങിയവ ഈ ശൃംഖലയിൽ പെടുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവയെല്ലാം ആധുനിക മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസരിച്ച് തീമാറ്റിക്ക് കഥ പറയുന്ന മ്യൂസിയങ്ങളാക്കി മാറ്റി. മ്യൂസിയം വകുപ്പിനു പുറമേ പുരാവസ്തു, പുരാരേഖ വകുപ്പുകളും മറ്റു വകുപ്പുകളും ജില്ലാ പൈതൃക മ്യൂസിയങ്ങൾ, പ്രാദേശിക ചരിത്ര മ്യൂസിയങ്ങൾ, താളിയോല മ്യൂസിയം തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നാപ്പിയർ മ്യൂസിയം വളപ്പ് തലസ്ഥാന നഗരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. ആഭ്യന്തര, വിദേശ സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇവിടെ മ്യൂസിയത്തോടൊപ്പം രാജാ രവിവർമ്മ ആർട്ട് ഗാലറി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയെല്ലാം ആകർഷകമായി പുനഃസജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ മറ്റൊരു വാഗ്ദാനമായ മ്യൂസിയം കമ്മീഷൻ രൂപീകരണവും പ്രാവർത്തികമാക്കിയതായി മന്ത്രി പറഞ്ഞു. മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനുമായി മ്യൂസിയം കമ്മീഷൻ നിയമിച്ചു. ഇതിന്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
1964-ൽ സ്ഥാപിതമായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സമഗ്ര നവീകരണത്തിലൂടെ രാജ്യത്തെ മികച്ച നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളിലൊന്നായി മാറിയെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം ഗാലറികൾ സന്ദർശക സൗഹൃദമാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി വിവിധ നിലകളിലുള്ള ഗാലറികൾ സന്ദർശിക്കാൻ പ്രത്യേക യന്ത്രക്കസേര ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി, പുതിയ ഡിജിറ്റൽ ഗൈഡഡ് ടൂർ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയിരിക്കുന്നു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ നാലു ഭാഷകളിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം ലഭ്യമാണ്. സന്ദർശകർക്ക് ലഭ്യമാക്കുന്ന ടാബ്ലെറ്റിൽ ടാപ്പ് ചെയ്താൽ, ഓരോ ഗാലറിയിലെയും പ്രദർശന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഇത് മ്യൂസിയം സന്ദർശനത്തെ സുഗമവും ആകർഷകവുമാക്കും. 14 ഇഞ്ച് ഡിസ്പ്ലേയുള്ള ഈ ഉപകരണങ്ങളിൽ ദൃശ്യാനുഭവത്തോടൊപ്പം, ഉന്നത നിലവാരമുള്ള ഇയർഫോണുകളിലൂടെ മികച്ച ശ്രവ്യാനുഭവവും ലഭിക്കും. സന്ദർശകർക്ക് വന്യമൃഗങ്ങളുടെ ശബ്ദം, പക്ഷികളുടെ കളകൂജനം, സമുദ്രതിരമാലകളുടെ ഇരമ്പൽ എന്നിവ പ്രകൃതിയിൽ അനുഭവിക്കുന്നതുപോലെ കേൾക്കാനാകും. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ, സംസ്ഥാനത്തിനു പുറത്തുനിന്നും വിദേശത്തുനിന്നുമുള്ള സന്ദർശകർക്ക് പുതിയ ദൃശ്യ-ശ്രാവ്യ അനുഭവം പകർന്നുനൽകാൻ ഈ സംവിധാനത്തിനു കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി സ്വാഗതം ആശംസിച്ചു. പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്‌സ് മേധാവി വിജീഷ്. വി, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി. എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.