ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ് പിടിച്ച സംഭവത്തിൽ കക്ഷിരാഷ്ട്രീയമില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരു വിഭാഗം ഉപയോഗിച്ചു ലഹരി കൊണ്ടിരിക്കുകയാണെന്നും അത് കൂടി വരികയാണെന്നും സുധാകരൻ പറഞ്ഞു.
ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടണം. അതിന് തദ്ദേശസ്ഥാപനങ്ങൾ അടിസ്ഥാനമാക്കി നടപടികൾ സ്വീകരിക്കണം. വാർഡ് മെമ്പർമാർ വീടുകൾ സന്ദർശിച്ച് സന്ദേശങ്ങൾ നൽകണമെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.
പോളിടെക്നിക് പ്രിൻസിപ്പലും ഹോസ്റ്റൽ വാർഡനും ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കുറ്റകൃത്യത്തിനെതിരെ നടപടി സ്വീകരിക്കണം. തെറ്റ് തിരുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കണം. 90 ശതമാനം പേരെയും മോചിപ്പിക്കാൻ സാധിക്കും. അതിനുള്ള സാംസ്കാരിക, രാഷ്ട്രീയ അടിത്തറ കേരളത്തിനുണ്ട്.
എസ്.എഫ്.ഐയും കെ.എസ്.യുവും പറയുന്നത് നമുക്ക് ചർച്ചാവിഷയമല്ല. കഞ്ചാവ് വിൽപനക്കാരെ സംരക്ഷിക്കില്ലെന്ന് രണ്ട് സംഘടനകളുടെയും നേതൃത്വം പറഞ്ഞിട്ടുണ്ട്. സംഘടന തിരിച്ച് പറയുന്നത് മാധ്യമങ്ങളും അവസാനിപ്പിക്കണമെന്നും ജി. സുധാകരൻ വ്യക്തമാക്കി.