കല്യാണി പ്രിയദർശൻറെ സിനിമകൾ ഒ.ടി.ടിയിൽ

08:09 PM Oct 14, 2025 | Kavya Ramachandran

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ആരാധകരുള്ള നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. കല്യാണി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ സിനിമയായ ലോകയിലൂടെ കല്യാണിയുടെ ജനപ്രീതി വർധിച്ചു. ഹൃദയസ്പർശിയായ പ്രണയകഥകൾ മുതൽ സ്റ്റൈലിഷ് ആക്ഷൻ ഡ്രാമകൾ വരെ, എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള കല്യാണിയുടെ അഞ്ച് ചിത്രങ്ങൾ ഇപ്പോൾ ഒ.ടി.ടിയിൽ ലഭ്യമാണ്.
തല്ലുമാല

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'തല്ലുമാല'. ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്. കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണിത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്സിൻ പരാരി, അഷറഫ് ഹംസ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബ്രോ ഡാഡി

പൃഥ്വിരാജ്-മോഹൻലാൽ ടീം ഒന്നിച്ച ചിത്രമാണ് 'ബ്രോ ഡാഡി'. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിച്ച ചിത്രം പൃഥ്വിരാജ്​ തന്നെയാണ്​ സംവിധാനം ചെയ്തത്.​​ ഒ.ടി.ടി റിലീസായ ചിത്രം ഹോട്​സ്റ്റാറിലൂടെയാണ്​ പ്രേക്ഷകരിലേക്ക്​ എത്തിയത്​. മീനയും കല്യാണി പ്രിയദർശനുമാണ് നായികമാർ. ലാലു അലക്സ്, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്​. ശ്രീജിത്ത് എൻ, ബിബിൻ തുടങ്ങിയവരാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത്.
ഹൃദയം

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഹൃദയം'. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസൻറേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിച്ചത്. അജു വർഗീസ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹോട്​സ്റ്റാറിൽ ലഭ്യമാണ്.
ശേഷം മൈക്കിൽ ഫാത്തിമ

കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു.സി. കുമാർ ഒരുക്കിയ ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തി'. കമന്റേറ്റർ ആകാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി. മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത് ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിച്ചത്.
ഓടും കുതിര ചാടും കുതിര

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ കല്യാണി ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാവും. 'ഞണ്ടുകളുടെ നാട്ടിലൊരിടവേള' ക്ക്ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്.