നിരവധി സിനിമകൾ ബോക്സ് ഓഫീസിൽ 100 കോടിയ്ക്കും മുകളിൽ ഈ വർഷം കൊയ്തത്. ഇന്ത്യയിലേത് പോലെ തന്നെ ഓവർസീസ് മാർക്കറ്റിലും പല സിനിമകളും റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഓവർസീസിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.
16.90 മില്യൺ ഡോളറുമായി പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനം ഇടംപിടിച്ചിരിക്കുന്നത്. തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് മോഹൻലാലിന്റെ തന്നെ ഫാമിലി ഡ്രാമ ചിത്രം തുടരും ഇടം പിടിച്ചിട്ടുണ്ട്. 11.01 മില്യൺ ഡോളറാണ് തുടരും ഓവർസീസ് മാർക്കറ്റിൽ നിന്ന് നേടിയത്. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായ ഛാവയാണ് മൂന്നാം സ്ഥാനത്ത്. 10.30 മില്യൺ ഡോളറാണ് സിനിമയുടെ ഓവർസീസിൽ നിന്നുള്ള സമ്പാദ്യം. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 807.88 കോടിയാണ്.
ഈ ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം പിടിച്ച മലയാളം സിനിമകൾ എമ്പുരാനും തുടരുമും മാത്രമാണ്. ഹൗസ്ഫുൾ 5, ഗുഡ് ബാഡ് അഗ്ലി, സിത്താരെ സമീൻ പർ, സിക്കന്ദർ, തഗ് ലൈഫ്, വിടാമുയർച്ചി, സംക്രാന്തികി വസ്തുനാം എന്നിവയാണ് ആദ്യ പത്തിലെ മറ്റു സിനിമകൾ. നിലവിൽ ആമിർ ഖാൻ ചിത്രമായ സിത്താരെ സമീൻ പർ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ തൊട്ടുമുൻപിലുള്ള ഹൗസ്ഫുൾ 5 വിനെയും, ഗുഡ് ബാഡ് അഗ്ലിയെയും ഉടൻ മറികടക്കുമെന്നാണ് പ്രതീക്ഷ