കണ്ണൂർ ജില്ലയെ അതിദാരിദ്ര്യമുക്തം : സംസ്ഥാനത്ത് അഞ്ച് വർഷംകൊണ്ട് അര ലക്ഷത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു: മന്ത്രി എം.ബി.രാജേഷ്

03:46 PM Aug 14, 2025 |


കണ്ണൂർ : അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്തെ 52,635 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2021ൽ ചുമതലയേറ്റ സംസ്ഥാന സർക്കാർ ആദ്യമെടുത്ത തീരുമാനം സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കുക എന്നതായിരുന്നു. ഇതിനായി സർവ്വേ നടത്തി 64,006 കുടുംബങ്ങളെ കണ്ടെത്തി. ഓരോ കുടുംബങ്ങൾക്കും ദാരിദ്ര്യമുക്തിക്കായി പ്രത്യേക മൈക്രോപ്ലാനുകൾ തയ്യാറാക്കി. അഞ്ച് വർഷം കൊണ്ട് 94.47 ശതമാനം പേരെയും അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനായി. 

കേരളത്തിൽ മുൻഗണന ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനുമാണ്. ഇത്തരത്തിൽ കേരളം ഇന്ത്യയ്ക്ക് ഒരു മാതൃകയാണ്. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. സർക്കാരും സംവിധാനങ്ങളും ഏകോപിതമായി പ്രയത്‌നിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യപ്രദേശമാണ് കേരളം എന്നത് ലോകത്തിന് കൂടി മാതൃകയാകുന്നു. നാട്ടിൽ ക്ഷേമം ഉണ്ടാക്കാനായി തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും പരസ്പരം മത്സരിക്കുന്നതാണ് യഥാർഥ കേരള സ്റ്റോറി എന്ന് മന്ത്രി പറഞ്ഞു. കേരളത്തെപ്പറ്റി മറ്റു ചില ചിത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇത് കാണണം. അതിദാരിദ്ര്യ മുക്ത പ്രവർത്തനങ്ങളാണ് മറ്റൊരു കേരള സ്റ്റോറി എന്ന് ദേശീയ മാധ്യമങ്ങൾ പോലും വാർത്ത നൽകിയിരിക്കുന്നു. 

ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടാത്ത 15000 ഓളം പേരെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി.  കരാർ വെച്ച്  ഭവനനിർമ്മാണം ആരംഭിച്ചു. കൂടാതെ ഭൂമി ഇല്ലാത്തവർക്ക് ഭൂമി കണ്ടെത്തി പതിച്ചു നൽകുന്നതിന് ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. ഇത്തരത്തിൽ അഞ്ചു വർഷംകൊണ്ട് സർക്കാർ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.  

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം  ആഗസ്റ്റ് 21ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 21,87,000 പേരെ ഡിജിറ്റൽ സാക്ഷരരാക്കി. കെസ്മാർട്ട്  സേവനങ്ങൾ  എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരത പ്രവർത്തനങ്ങൾ നടത്തിയാണ് നേട്ടം കൈവരിച്ചത്. ആദ്യ നഗരനയം പ്രഖ്യാപിച്ച സംസ്ഥാനം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം ഇങ്ങനെ രാജ്യത്തിന് കേരളം നൽകുന്ന മാതൃകകൾ നിരവധിയാണെന്നും മന്ത്രി പറഞ്ഞു.  

കണ്ണൂർ ജില്ല കൈവരിച്ച നേട്ടം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും നേട്ടത്തിന്റെ അവകാശികളാണ്. മാലിന്യമുക്തി ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങളും ഇതേരീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു. 

രജിസ്‌ട്രേഷൻ, മ്യൂസിയം , പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ  കെ കെ ശൈലജ ടീച്ചർ, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി കെ സുരേഷ് ബാബു, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ അഡ്വ ടി സരള, എൽ.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു തുടങ്ങിയവർ പങ്കെടുത്തു.