+

സെമിയിൽ കണ്ണൂരും കോഴിക്കോടും നേർക്കുനേർ

സൂപ്പർ ലീഗ് കേരളയിൽ രണ്ടാം സെമി ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. ഡിസംബർ 14 ന് രാത്രി 7.30 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ രണ്ടാം സെമി ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. ഡിസംബർ 14 ന് രാത്രി 7.30 ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരത്തിൽ കാലിക്കറ്റ് വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കറ്റ് എഫ്‌സി ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 23 പോയിന്റ് സ്വന്തമാക്കി ഒന്നാമതായും കണ്ണൂർ വാരിയേഴ്‌സ് മൂന്ന് ജയം, നാല് സമനില, മൂന്ന് തോൽവിയുമായി പതിമൂന്ന് പോയിന്റ് നേടി നാലാമതായും ആണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

അവസാന മത്സരം തൃശൂർ മാജികിനെതിരെ ജയിച്ച അത്മവിശ്വാസത്തിലാണ് കണ്ണൂരിന്റെ വരവ്. അതോടൊപ്പം തൃശൂരിനെതിരെയുള്ള മത്സരത്തിൽ ഗോളവസരം സൃഷ്ടിക്കുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. എന്നിരുന്നാലും ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കേണ്ടതുണ്ട്. പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്‌ട്രൈക്കർ അഡ്രിയാൻ സർദിനേറോ, മധ്യനിര താരം എണസ്റ്റീൻ ലവ്‌സാംബ, പ്രതിരോധ താരങ്ങളാണ് നിക്കോളാസ്, ഷിബിൻ ഷാദ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. നിക്കോളാസും ലവ്‌സംബയും പരിക്ക് മാറി സെമി ഫൈനൽ കളിക്കുമെന്നാണ് പ്രതീക്ഷ. നിർണായ സമയങ്ങളിൽ ആക്രമണത്തിന് മൂർച്ഛകൂട്ടാൻ മുഹമ്മദ് സിനാനും അസിയർ ഗോമസുമുണ്ട് കരുത്തായി പരിചയസമ്പന്നൻ കീൻ ലൂയിസും. പരിക്ക് മാറി ടി ഷിജിൻ തൃശൂർ മാജികിന് എതിരെ ഇറങ്ങിയിരുന്നു. നിർണയക മത്സരത്തിൽ തൃശൂരിനെതിരെ ഗോൾ വഴങ്ങാതെ കാത്ത രണ്ടാം നമ്പർ ഗോൾ കീപ്പർ അൽകേഷ് രാജ് ടീമിന് കരുത്ത് പകരും.

സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരും ശക്തരുമാണ് കാലിക്കറ്റ് എഫ്‌സി. കോഴിക്കോട്ടുകാരായ മുഹമ്മദ് അജ്‌സൽ, കെ.പ്രശാന്ത്, മുഹമ്മദ് റോഷൽ നയിക്കുന്ന അറ്റാകിംങ് നിര. അജ്‌സൽ പത്ത് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോൾ നേടി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ്. കൂട്ടിന് പ്രശാന്തും സെബാസ്റ്റ്യൻ റിൻകണും ഉണ്ട്. ഇരുവരും 3 മൂന്ന് അസിസ്റ്റും 3 ഗോളും വീതം നേടിയിട്ടുണ്ട്. ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയ ടീമും കോഴിക്കോട് ആണ്. പത്ത് മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചപ്പോൾ 11 ഗോളുകൾ മാത്രമാണ് തിരിച്ചു വാങ്ങിയത്. അതോടൊപ്പം പത്തിൽ ഏഴ് മത്സരവും വിജയിക്കുകയും അവസാനം കളിച്ച ആറ് മത്സരത്തിലും തോൽവി അറിയാതെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ബോവാസോക്കും പ്രതിരോധ താരം അജയ് അലക്‌സിനും തിരുവനന്തപുരം കൊമ്പൻസിനെതിരെ പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. ബോവാസോ പരിക്ക് മാറി തിരിച്ചെത്താനാണ് സാധ്യത.
സെമി ഫൈനൽ ഒറ്റ നോക്കൗട്ട് മത്സരമായതിനാൽ ഇരുടീമുകളെയും എഴുതി തള്ളാൻ സാധിക്കില്ല. ആ ദിവസം മികച്ച പ്രകടനം നടത്തുന്നവർക്ക് വിജയിക്കാൻ സാധിക്കും.

Trending :
facebook twitter