കണ്ണൂർ മാതമംഗലം മുച്ചിലോട്ട് വേറിട്ട് നിൽക്കുന്നു 'പൊന്ന്വൻ' എന്ന മനുഷ്യന്റെ ജീവിതകഥയിലൂടെ..

12:09 PM Jan 23, 2025 | Litty Peter

കണ്ണൂർ, കാസർകോട് ജില്ലകളിൽ പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് കാവുകളിൽ പ്രധാനപ്പെട്ടതാണ് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. 19 വർഷത്തിന് ശേഷം വീണ്ടുമൊരു പെരുങ്കളിയാട്ടത്തിനൊരുങ്ങുകയാണ് കണ്ണൂർ പിലാത്തറയിലെ മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. വടക്കേ മലബാറിലെ മുച്ചിലോട്ട് കാവുകളിൽ നിന്ന് മാതമംഗലം മുച്ചിലോട്ട് വേറിട്ട് നിൽക്കുന്നത് പൊന്ന്വൻ എന്ന മനുഷ്യൻറെ ജീവിതകഥയിലൂടെയാണ്..

വാണിയ സമുദായത്തിന്റെ ആരൂഡ സ്ഥാനം ആണ് മുച്ചിലോട്ട് കാവുകൾ. പയ്യന്നൂർ, രാമന്തളി, ചെറുതാഴം, തൃക്കരിപ്പൂർ, വെള്ളോറ, എരമം, അതിയടം തുടങ്ങി കണ്ണൂർ ജില്ലയിലെ പെരുങ്കാളിയാട്ടം നടക്കുന്ന കാവുകളിൽ പ്രധാനപെട്ടതാണ് മാതമംഗലം. പിലാത്തറ മാതമംഗലം പാതയോരത്ത് നിന്ന് ഏതാണ്ട് 500 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 19 വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ഷേത്രം കളിയാട്ടത്തിനൊരുങ്ങുമ്പോൾ ഈ കളിയാട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2006 ജനുവരി 25, 26 ,27,28 തീയതികളിൽ ആണ് അവസാനമായി മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടന്നത്. അതേ മാസം അതേ തിയതികളിലാണ് ഇത്തവണയും ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത് എന്നതാണ് ആ പ്രത്യേകത.

Trending :

അതേസമയം മറ്റു മുച്ചിലോട്ട് കാവുകളിൽ നിന്ന് മാതമംഗലം മുച്ചിലോട്ട് വേറിട്ട് നിൽക്കുന്നത് പൊന്ന്വൻ എന്ന ഒരു മനുഷ്യൻറെ ജീവിതകഥയിലൂടെയാണ്.. ഏതാണ്ട് 600 - 700 വർഷങ്ങൾക്കു മുൻപ് എരമം പുറക്കുന്ന് സ്വദേശത്തു മീത്തലെ വീട് എന്ന വാണിയ തറവാട്ടിൽ ജനിച്ച ഒരു മനുഷ്യനായിരുന്നു പൊന്ന്വൻ . പൊന്ന്വന്റെ സഹോദരിയാണ് അച്ചി എന്നാണ് ഐതിഹ്യം. സവർണ്ണ കുടുംബങ്ങൾ മാത്രം കൊണ്ടു നടക്കുന്ന മാന്ത്രിക വേദ താന്ത്രിക കർമ്മങ്ങൾ പഠിച്ചു അവരെ വെല്ലുന്ന രീതിയിൽ പൊന്ന്വൻ അറിവുകളിൽ വളർന്നു. അത് സവർണ്ണ കുടുംബങ്ങളിൽ പോലും അസൂയ പടർത്തിയിരുന്നു. 

കോറോത്തെ തങ്ങളുടെ ആരൂഡ സ്ഥാനം സന്ദർശിച്ച വേളയിൽ തന്റെ നാട്ടിലും ഭഗവതിക്ക് സ്ഥാനം വേണമെന്ന ആഗ്രഹം പൊന്ന്വന്റെ ഉള്ളിലുണ്ടായി. കാവിനായി തന്റെ നാട്ടിൽ പൊന്ന്വൻ ഒരുക്കവും  തുടങ്ങി. എന്നാൽ പല കാരണത്താൽ അത് മാതമംഗലത്തേക്ക് മാറുകയായിരുന്നു. നമ്പ്യാർ നായർ കുടുംബമായ പുത്തരിക്കൽ കുടുംബമാണ് മാതമംഗലത്ത് മുച്ചിലോട്ട് കാവിനായി സ്ഥലം നൽകിയത്. 

ഒടുവിൽ പൊന്ന്വൻ തൊണ്ടച്ചനും സഹോദരി അച്ചിയും ഉൾപ്പെടെയുള്ള കുടുംബം മാതമംഗലത്ത് വാണിയ സമുദായത്തിന്റെ കുല ദേവത ആയ മുച്ചിലോട്ട് ഭഗവതിയെ ഇവിടെ  പ്രതിഷ്ഠിക്കുകയായിരുന്നുവെന്നാണ് ഐതീഹ്യം. അദ്ദേഹത്തെ ഒരു പ്രധാന ദൈവമായി ഇന്നും ഈ മാതമംഗലം മുച്ചിലോട്ട് കെട്ടിയാടിക്കുന്നു എന്നതാണ് മറ്റൊരു ചരിത്രം. 

ധർമ്മ ദൈവങ്ങളിൽ പ്രഥമ സ്ഥാനമാണ് പൊന്ന്വൻ തൊണ്ടച്ചനുള്ളത്. തൊണ്ടച്ചൻ ദൈവമെന്ന തെയ്യം എല്ലാവർഷവും തുലാം ഒന്നു മുതൽ മാതമംഗലം മുച്ചിലോട്ട് കാവിൽ അരങ്ങിൽ എത്തും. പെരുങ്കളിയാട്ട ദിവസവും പുലർച്ചെ തൊണ്ടച്ചൻ ദൈവം അരങ്ങിലെത്തും. തൊണ്ടച്ചൻ ദൈവം അരങ്ങിലെത്തുന്ന ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കൂടിയാണ് മാതമംഗലത്തേത്. നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധി കൊണ്ടാടുന്ന പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ടു ഭഗവതിയെ ഒരു നോക്കുകണ്ട്‌ സായൂജ്യമടയാനുള്ള കാത്തിരിപ്പിലാണ് നാട്.