+

മയക്കുമരുന്ന് അവര്‍ തന്നെ കൊണ്ടുവച്ചു, മയക്കുമരുന്ന് കേസില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശിനി ജാമ്യത്തിലിറങ്ങിയ ശേഷം എക്‌സൈസിനെ വെല്ലുവിളിച്ച് ഫേസ്ബുക്ക് ലൈവില്‍

എക്‌സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവര്‍ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം.

ലോഡ്ജില്‍ മയക്കുമരുന്ന് ഉപയോഗത്തിനിടെ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ രണ്ട് യുവതികളും യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ, എക്‌സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളില്‍ ഒരാളായ റഫീന. മയക്കുമരുന്ന് മനപ്പൂര്‍വം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ് റഫീനയുടെ വാദം. എന്നാല്‍ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.


ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടത്തിയിരുന്ന നാലു പേരെയാണ് പറശ്ശിനിക്കടവില്‍ എക്‌സൈസ് പിടികൂടിയത്. കണ്ണൂരുകാരായ ഷംനാദ്, ജെംഷീല്‍ എന്നിവര്‍ക്കൊപ്പം റഫീന, ജെസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. 490 മില്ലി ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികളില്‍ ഒരാളായ ഇരിക്കൂര്‍ സ്വദേശി റഫീനയാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ എക്‌സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും എക്‌സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവര്‍ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നുമാണ് യുവതിയുടെ ആക്ഷേപം.


എന്നാല്‍ വാദങ്ങളെല്ലാം എക്‌സൈസ് തളളുകയാണ്. തളിപ്പറമ്പ് എക്‌സൈസ് എടുത്ത എന്‍ഡിപിഎസ് കേസില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതിനാല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടിയതെന്നും എക്‌സൈസ് വ്യക്തമാക്കുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികള്‍ മാര്‍ച്ച് 31ന് ഇറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളില്‍ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്‌സൈസ് പറയുന്നു. പരസ്പരം ഫോണുകള്‍ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്.

facebook twitter