മോഡലും സീരിയൽ നടിയുമെന്ന് പറഞ്ഞ് യുവാക്കളോടൊപ്പം കറക്കം ; ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കണ്ണൂർ സ്വദേശിനി നാടക സാംസ്കാരിക പ്രവർത്തകനായിരുന്ന പ്രമുഖന്റെ കൊച്ചുമകൾ

04:00 PM May 05, 2025 | Neha Nair

കണ്ണൂർ : വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനൊപ്പം പിടിയിലായ 23 കാരി തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശിനി. നാടക സാംസ്കാരിക പ്രവർത്തകനായിരുന്ന പ്രമുഖന്റെ കൊച്ചുമകളാണ് പിടിയിലായ കുറ്റിക്കോൽ പഴയ ഫീ ബൂത്തിന് സമീപം സുഗിതം വീട്ടിൽ ഷിൻസിത. അഞ്ചാംപീടിക കീരീരകത്ത് കെ. ഫസലിനൊപ്പം (24) കഴിഞ്ഞദിവസമാണ് വയനാട്ടിൽ പോലീസ് പിടിയിലായത്. ഒരു കോടിയിൽപ്പരം വിലവരുന്ന ബി.എം.ഡബ്ല്യു കാറിൽ സഞ്ചരിക്കവെയാണ് 20.8 ​ഗ്രാം ഹൈബ്രിഡ് കഞ്ചാവും 96,290 രൂപയുമായി ഇവർ പിടിയിലായത്.

നാട്ടിലും വീട്ടിലും മോഡലും സീരിയൽ നടിയുമാണെന്നാണ് യുവതി പറയാറുള്ളത്. പലപ്പോഴും ആഢംബര കാറിലാണ് വീട്ടിൽ വന്നിറങ്ങാറുള്ളത്. ഒപ്പം യുവാക്കളുടെ സംഘവുമുണ്ടാകും. അവർ സീരിയൽ പ്രവർത്തകരും മോഡൽ സംവിധായകരുമൊക്കെയാണെന്നാണ് വീട്ടിൽ പറയാറുള്ളത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾക്ക് പുറമെ തായ്ലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും പോയതായി യുവതി നാട്ടുകാരോട് പറയാറുണ്ടായിരുന്നു.

എന്നാൽ യുവതി പിടിയിലായ വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വീട്ടുകാരും നാട്ടുകാരും ഞെട്ടിപ്പോയത്. ഫസൽ നേരത്തെ പാപ്പിനിശേരിയിൽ തട്ട് കട നടത്തിയിരുന്നു. ആ സമയം തന്നെ ഇയാൾക്കെതിരെ തട്ടിപ്പ് സംബന്ധിച്ച് ചില ആരോപണങ്ങളും ഉയർന്നിരുന്നു. സമൂഹമാധ്യമത്തിലൂടെ ഷിൻസിതയെ ബന്ധപ്പെട്ടാണ് ഇയാൾ വലയിലാക്കിയതെന്നാണ് സൂചന.