കണ്ണൂർ : കീച്ചേരിയിലെ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് തെളിവെടുപ്പിന് ശേഷം വളപട്ടണം കവർച്ചാ കേസിലെ പ്രതി ലിജേഷ് മൊഴി നൽകി. എന്നാൽ മൊഴി വിശ്വസിക്കാൻ പൊലിസ് ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷം പ്രവാസി വ്യവസായിയായ നിയാസിൻ്റ വീട്ടിൽ കവർച്ചയ്ക്ക് എത്തിയെങ്കിലും തനിക്ക് ഇവിടെ നിന്നും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ലിജേഷിൻ്റെ മൊഴി. ജനൽ കമ്പി ഇളക്കി മാറ്റി അകത്ത് കാന്ന രീതി പ്രതി തെളിവെടുപ്പിനിടെ പൊലിസിന് കാണിച്ചു കൊടുത്തിരുന്നു.
കീച്ചേരി പാറക്കടവ് റോഡിലെ നിയാസിന്റെ വീട്ടിൽ കവർച്ച നടത്തിയത് വളപട്ടണം മന്ന കവർച്ചക്കേസിലും പ്രതിയായ ലിജേഷ് തന്നെയാണെന്ന് വിരലടയാളം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് സ്ഥിരികരിച്ചത്.
ഇതേ തുടർന്നാണ് വളപട്ടണം പൊലീസ് സംഘം പ്രതിയെവീട്ടിലെത്തിച്ച് തെളിവെടുത്തത്. വളപട്ടണത്തെ കവർച്ചക്കേസിൽ ചോദ്യം ചെയ്തപ്പോഴാണ് കീച്ചേരിയിലെ മോഷണവിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ വീട് കുത്തിത്തുറന്ന് 4.5 ലക്ഷം രൂപയും 11 പവൻ സ്വർണവും. നഷ്ടമായെന്നാണ് വീട്ടുടമയുടെ പരാതി.
ഈ കേസിൽ തെളിവെടുപിനായി ലിജേഷിനെ കണ്ണൂർ കോടതി തിങ്കളാഴ്‌ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ മോഷണമുതൽ കണ്ടെത്താനാവാത്തത് അന്വേഷണം വഴിമുട്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷമാണ് കീച്ചേരിയിലെ കേസിൽ വളപട്ടണം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ വിരലടയാളം ഉൾപ്പെടെ കീച്ചേരിയിലെ വീട്ടിൽനിന്ന് ലഭ്യമായിരുന്നു.
അന്വേഷകസംഘത്തിൽ വളപട്ടണം എസ്ഐ ഉണ്ണിക്കൃഷ്ണൻ, ഗ്രേഡ് എസ്ഐ അജയൻ, പൊലിസ് ഓഫീസർമാരായ പ്രജിത്, നൗഷാദ്, കിരൺ എന്നിവരാണുണ്ടായത്. വളപട്ടണത്തെ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽനിന്ന് 267 പവനും 1.21 കോടി രൂപയുമാണ് പ്രതി കൊള്ളയടിച്ചത്.അഷ്റഫിൻ്റെ അയൽവാസി കൂടിയാണ് വെൽഡിങ് തൊഴിലാളിയായ ലിജേഷ്.വീട്ടുകാർ കഴിഞ്ഞ നവംബർ 19 ന് മധുരയിൽ വിവാഹത്തിന് പോയപ്പോഴാണ് ഇവിടെ മോഷണം നടന്നത്. സി.സി.ടി.വി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യമാണ് ലിജേഷിനെ കുടുക്കിയത്.