കണ്ണൂർ : എം ടി തിരക്കഥ എഴുതിയ പ്രധാനരണ്ടു സിനിമകളുടെ ചിത്രീകരണം നടന്നത് കണ്ണൂരിലാണ് 'മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സദയമെന്ന സിബി മലയിൽ ചിത്രവും ഹരിഹരൻ സംവിധാനം ചെയ്ത പഴശിരാജയുടെയും ചിത്രീകരണം കണ്ണൂരിലാണ് നടന്നത്.
രണ്ട് പെൺകുട്ടികളെ കൊന്നതിന് സത്യനാഥനെന്ന കമേർഷ്യൽ ചിത്രകാരനെ തൂക്കി കൊല്ലുന്നതിൻ്റെ അവസാന നാളുകൾ ചിത്രീകരിച്ചത് പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. കണ്ണുകൾ കൊണ്ടും കൈ വിരലുകൾ കൊണ്ടുപോലും മോഹൻലാൽ അനതി സാധാരണമായി അഭിനയിച്ച ചിത്രമായിരുന്നു സദയം. ഏറ്റവും മികച്ച ചിത്രത്തിനും നടനും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സദയത്തെ തേടിയെത്തി.
എം.ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലായിരുന്നു സദയം. പഴശിരാജയെന്ന ഇതിഹാസചിത്രമായിരുന്നു മറ്റൊന്ന് 'ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കൂടാളി എന്നിവടങ്ങളിലായിരുന്നു.
പഴശിപട്ടാളത്തിൻ്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കുതിരവണ്ടി പാഞ്ഞുകയറി പ്രദേശവാസിയായ യുവാവ കൂടാളിയിൽ മരിച്ചിരുന്നു. നിർമ്മാതാവായ ഗോകുലം ഗോപാലന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്ന സംഭവത്തെ തുടർന്ന് ചിത്രീകരണവും താൽക്കാലികമായി മുടങ്ങി. എന്നാൽ ചിത്രീകരണം പുനരാരംഭിച്ച ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.