കണ്ണൂരിനെ ആവേശക്കടലാക്കിയ ഒരേയൊരു വി. എസ് : ഓർമ്മയിലുണ്ട് സമര സൂര്യനെ

09:24 AM Jul 22, 2025 |


കണ്ണൂർ: പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരി കൊളളുമ്പോഴും കണ്ണൂരിലെ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശമായിരുന്നു വി. എസ്. അദ്ദേഹത്തിന്റെ ഓരോസന്ദർശവനും അണികളിലും ജനങ്ങളിലുംആവേശക്കടലാണ് തീർത്തത്. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ വി. എസ് എത്തുമ്പോൾ പാർട്ടി പ്രവർത്തകർ മാത്രമല്ല ബഹുജനങ്ങളും തടിച്ചുകൂടിയിരുന്നു. അത്രമാത്രം പ്രീയങ്കരമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങൾ. നീട്ടിയും കുറുക്കിയും കുറിക്കുകൊളളുന്ന കൂരമ്പുകളുമായി വി. എസ് രാഷ്ട്രീയ എതിരാളികളുടെ പൊളളത്തരങ്ങളും നെറികേടുകളും പൊളിച്ചടുക്കിയായിരുന്നു മടങ്ങിയിരുന്നത്. 

കടുത്ത പിണറായി പക്ഷ നേതാക്കൾ പോലും തെരഞ്ഞെടുപ്പ്കാലത്ത് വി. എസിന്റെ മുഖം പോസ്റ്ററിൽ ചേർക്കാനും അദ്ദേഹത്തെ താൻ മത്‌സരിക്കുന്ന മണ്ഡലങ്ങളിലെത്തിക്കാനും തിടുക്കം കൂട്ടി. ഇങ്ങനെ കല്യാശേരി, പയ്യന്നൂർ, ധർമടം, തലശേരി, തളിപറമ്പ് എന്നീ മണ്ഡലങ്ങളിലൊക്കെ നിയമസഭാ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ വി. എസ് എത്തിയിട്ടുണ്ട്. വി. എസ് ഏറ്റവും ഒടുവിൽ കണ്ണൂരിലെത്തിയത് ചൊക്‌ളി മേനപ്രത്തെ ഇ. എം. എസ് സ്മാരക മന്ദിരവും പളളിപ്രത്ത് ഉമ്മൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും ഉദ്ഘാടനം ചെയ്യാനാണ്. 2017- ഫെബ്രുവരി 16ന് വൈകിട്ടാണ് ആർത്തിരമ്പിയ ജനസഹസ്രങ്ങളുടെ മുദ്രാവാക്യങ്ങളിലേക്ക് വി. എസ് എത്തിയത്. പ്രീയസഖാവിനെ ഒരുനോക്കു കാണാനും കേൾക്കാനും തിങ്ങികൂടിയ പ്രവർത്തകരെ ആവേശഭരിതരാക്കും വിധമായിരുന്നു അന്നത്തെ പ്രസംഗം.  

പോരാളികളുടെ സംഗമം കൂടിയായി മാറി അന്നത്തെ വി. എസിന്റെ വരവ്. കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനും അന്നു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇ. എം. എസ് മന്ദിരത്തിലെ മാമൻവാസു ഹാൾ തുറന്നു നൽകിയത് പുഷ്പനായിരുന്നു. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മുഷ്ടി ചുരുട്ടി പുഷ്പനെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് വി. എസ് പ്രസംഗിക്കാൻ വേദിയിലെത്തിയത്. 
 പുഷ്പൻ വെടിയേറ്റു വീണതു മുതൽ കരുതലായി വി. എസ് ഒപ്പമുണ്ടായിരുന്നു. പുഷ്പനെ ആശുപത്രിയിൽ നിന്നും ഡിസ് ചാർജ് ചെയ്തതിനുശേഷം നേരിൽ കാണാനായിരുന്നു ആദ്യവരവ്. വീടിന് മുന്നിൽ അന്ന് റോഡുണ്ടായിരുന്നില്ല. 

കനത്ത വഴിയിൽ ഇടുങ്ങിയ വഴിയിലൂടെ വീടിന്റെ പിൻഭാഗത്തു നടന്നുകയറുകയായിരുന്നു വി. എസ്. പുഷ്പന്റെ വീടിന് സമീപം കൂത്തുപറമ്പ് രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിനും ചൊക്‌ളി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനുമായി വി. എസ് വന്നു. കൂത്തുപറമ്പ് രക്തസാക്ഷി കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്ന പുഷ്പന്റെ ആഗ്രഹവും എൽ.ഡി. എഫ് സർക്കാർ നിറവേറ്റി. മലമ്പുഴയിൽ വി. എസ്. മത്‌സരിച്ചപ്പോൾ കെട്ടിവയ്ക്കാനുളള പണം നൽകിയതും പുഷ്പനായിരുന്നു. പാർട്ടിയിലെ കണ്ണൂർ ലോബിയെ കുറിച്ചു പൊളിച്ചെഴുത്തെന്ന പേരിൽ പുസ്തക മെഴുതിയ പ്രശസ്ത പത്രപ്രവർത്തകൻ ബർലിൻ കുഞ്ഞനന്തൻ നായരുമായുളള ആത്മബന്ധം വി. എസ് മരണം വരെ തുടർന്നിരുന്നു. കണ്ണൂരിലെത്തിയതാൽ അദ്ദേഹത്തിന്റെ നാറാത്ത വീട്ടിലെത്തി മണിക്കൂറുകളോളം ചെലവഴിച്ചാണ് വി. എസ് മടങ്ങിയിരുന്നത്.