വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രം 'സംശയം'ഒ.ടി.ടിയിലേക്ക്. ജൂലൈ 24ന് മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മുന്നിൽ കാണുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ സമീപിക്കുന്ന ചിലരുണ്ട് പക്ഷേ, സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില ബന്ധങ്ങളിലേക്ക് ആ സംശയം നീണ്ടാലോ? സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയാത്ത ചില സത്യങ്ങളിലേക്ക് നീളുന്ന സംശയങ്ങളുടെ കഥയാണ് നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്ത സംശയം.
രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. കോഴിക്കോടാണ് കഥയുടെ പശ്ചാത്തലം. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനായ മനോജനും ഭാര്യ വിമലയും ഒരുഭാഗത്ത്. ഹാരിസ്-ഫൈസ ദമ്പതികൾ മറുവശത്ത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. അതാണ് സംശയം എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്.
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. ആട്ടം സിനിമക്ക് ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന സിനിമയാണ് സംശയം. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമിച്ചിരിക്കുന്നത്