കണ്ണൂർ മാടായി കോളേജിൽ സി.പിഎമ്മുകാരനായ ബന്ധുവിന് നിയമനം: കോൺഗ്രസ് പ്രവർത്തകർ എം.കെ രാഘവൻ എം.പി യുടെ കോലം കത്തിച്ചു

11:42 PM Dec 09, 2024 | Desk Kerala

കണ്ണൂർ: കോൺഗ്രസ് നിയന്ത്രിത ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളേജിൽ തൻ്റെ ബന്ധുവായ സി.പി.എം പ്രവർത്തകന് പ്യൂൺ നിയമനം നൽകാൻ നീക്കം നടത്തിയെന്നു ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ മാടായിയിൽ കോഴിക്കോട് എം.പി യും കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ എം.കെ രാഘവൻ്റെ കോലം കത്തിച്ചു.

കല്യാശേരി,മാടായി ബ്ളോക്ക് ഭാരവാഹികളും പ്രവർത്തകരുമാണ് രാഘവനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്. നേരത്തെ കോളേജ് ഭരിക്കുന്ന പ്രിയദർശിനി ട്രസ്റ്റിൻ്റെ ചെയർമാനായ എം.കെ രാഘവനെ ഇൻ്റർവ്യുവിനെത്തിയപ്പോൾ ബ്ളോക്ക് ഭാരവാഹിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

ഇതിനെ തുടർന്ന് നാല് പേരെ ഡി.സി.സി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു മാടായി, കല്യാശേരി ബ്ളോക്കിലെ ഭാരവാഹികളും പ്രവർത്തകരും ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്തും കൂട്ടരാജി ഭീഷണി മുഴക്കിയിരുന്നു. 

ഇതേ തുടർന്ന് കോളേജ് ഡയറക്ടർമാരെ കോൺഗ്രസ് ജില്ലാ നേതൃത്വം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.. എന്നാൽ ഇതുകൊണ്ടന്നും അരിശം തീരാതെ എം.കെ രാഘവനെതിരെ കെ.പി.സി.സിയും എ.ഐ.സി.സിയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ രാഘവൻ്റെ കോലം കത്തിച്ചത്.