തളിപ്പറമ്പ : തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് കർശന പരിശോധന തുടരുന്നു.
ശുചിത്വമില്ലാതെ കുടിവെള്ള വിതരണം നടത്തിയ വാഹനം കസ്റ്റഡിയിലെടുത്തു. വെള്ളത്തിൻ്റെ ഉറവിടത്തിൽ നിന്നും വിതരണ വാഹനത്തിൽ നിന്നും സാംപിൾ ശേഖരിച്ചു.
അതെ സമയം, രോഗം വന്നവർ വിവരം സ്വകാര്യമാക്കി വെക്കുന്നതും ആരോഗ്യ പ്രവർത്തകരോട് കാര്യങ്ങൾ തുറന്നു പറയുന്നതിന് വിമുഖത കാട്ടുന്നതും വെല്ലുവിളിയാണ്. രോഗം സംശയിക്കുന്നവർ ആദ്യം ക്ലിനിക്കുകളിൽ കാണിക്കുകയും ടെസ്റ്റിംഗിന് ശേഷം തിരികെ ക്ലിനിക്കിൽ പോകാതെ പച്ച മരുന്ന് ചികിത്സകരെ കാണിക്കുന്നതായും ആരോഗ്യ വകുപ്പിന്റെ കണക്കിൽ പെടാതെ വരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
തളിപ്പറമ്പിൽ ഈ വർഷം മെയ് മാസമാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും. തളിപ്പറമ്പ് നഗരസഭയിൽനിന്ന് അകലെയുള്ള ചെറുതാഴം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കേസുകൾ കുറവുമാണ്.
മഞ്ഞപ്പിത്തം ബാധിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളാണ്.
നഗരങ്ങളിൽ നിന്നു ശീതള പാനീയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് മഞ്ഞപ്പിത്ത ബോധവത്കരണ പരിപാടികളും വൃത്തിയുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ വൽക്കരണ പരിപാടികളും നടത്തിയിരുന്നു.