+

എംപോക്‌സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

യുഎഇയിൽ നിന്നും വന്ന എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു. കണ്ണൂർ സ്വദേശിയടക്കം എം പോക്‌സ് സ്ഥിരീകരിച്ച രണ്ടു പേർ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കണ്ണൂർ  : യുഎഇയിൽ നിന്നും വന്ന എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് കണ്ണൂർ ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു. കണ്ണൂർ സ്വദേശിയടക്കം എം പോക്‌സ് സ്ഥിരീകരിച്ച രണ്ടു പേർ നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ വയനാട് സ്വദേശിയാണ്. ഐസൊലേഷനിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

എന്താണ് എംപോക്‌സ്


ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
 രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്‌സ് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്.
 രോഗ ലക്ഷണങ്ങൾ
* പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
* പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.
* മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗ പകർച്ച തടയാം
* അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് ഉണ്ടാകുക.
* രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. വായുവിലൂടെ ഈ രോഗം പകരുന്നില്ല. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

facebook twitter