കണ്ണൂർ സർവ്വകലാശാലയിൽ ഡിഗ്രി പരീക്ഷാ ഫലം ചോർന്നു ; ഗുരുതര വീഴ്ചയുടെ തെളിവുകൾ പുറത്തുവിട്ട് മുഹമ്മദ് ഷമ്മാസ്

10:05 AM Dec 20, 2024 | Neha Nair

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ  അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ഡിഗ്രി കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ചോർന്നെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ്.

കഴിഞ്ഞദിവസം ഫലം പ്രഖ്യാപിക്കുമെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകിട്ട് ഏഴുമണിവരെയും ഫലം പ്രഖ്യാപിച്ചില്ല.

എന്നാൽ ഉച്ചയ്ക്ക് 3:30 ഓടുകൂടി വിദ്യാർത്ഥികളുടെ വിവിധ വാട്സപ്പ് ഗ്രൂപ്പുകളിൽ പരീക്ഷാഫലങ്ങൾ പ്രചരിച്ചു തുടങ്ങി.ഗുരുതര പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടനെ പരീക്ഷ കൺട്രോളർ ബി.മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോൾ സർവകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല എന്നും എപ്പോൾ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്നും കോളേജ് തലത്തിലാണ് മൂല്യനിർണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സർവ്വകലാശാലയാണെന്നും മുഹമ്മദ് ഷമ്മാസിനോട് വൈകിട്ട് ആറുമണിക്ക് കൺട്രോളർ വ്യക്തമാക്കി.

വിഷയത്തിന്റെ അപകടം മനസ്സിലാക്കിയ സർവ്വകലാശാല അധികൃതർ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഴുമണിയോടുകൂടി തിരക്കിട്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.

 വിവാദമായ കെ-റീപ്പ് പദ്ധതിയുടെ പേരിൽ നടക്കുന്ന കച്ചവടത്തിന്റെ ആദ്യത്തെ തെളിവാണ് പരീക്ഷാ ഫലം ചോർന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും പരീക്ഷ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് എം.കെ.സി.എൽ എന്ന കമ്പനിക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേനെ നൽകിയ കരാറിന്റെ പ്രത്യാഘാതമാണിതെന്നും സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പരീക്ഷ നടത്തിപ്പുകൾ അടിമുടി താളം തെറ്റിയിരിക്കുകയാണെന്നും പി.മുഹമ്മദ് ഷമ്മാസ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.