കണ്ണൂർ : കണ്ണൂർ നായയെ വളർത്തുന്നതിലുള്ള തർക്കം കാരണം പയ്യാമ്പലത്തെ റിസോർട്ടിന് തീ വെച്ച് കെയർ ടേക്കർ തൂങ്ങിമരിച്ചു. പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻ ക്ളൈവിൽ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. റിസോർട്ടിലെ കെയർ ടേക്കറായ പ്രേമനാ (67) ണ് റിസോർട്ടിന് തീ വെച്ചതിനു ശേഷം സമീപത്തെ വീട്ടിലെ കിണറിൻ്റെ കപ്പിയോട് ചേർന്നുള്ള ഭാഗത്ത് കയറിൽ തൂങ്ങിമരിച്ചത്. തീപിടിത്തത്തിൽ പ്രേമൻ്റെ ദേഹമാസകലെ പൊള്ളലേറ്റിരുന്നു.
തുടർന്ന് അവിടെ നിന്ന് പുറത്തിറങ്ങി ഓടിയാണ് ഇയാൾ ജീവനൊടുക്കിയത്. റിസോർട്ടിനകത്തുണ്ടായിരുന്ന രണ്ട് വളർത്തുനായകളും പൊള്ളലേറ്റ് ചത്തിട്ടുണ്ട്. തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തിനശിച്ചു. റിസോർട്ടിൻ്റെ ഒന്നാമത്തെ നിലയിലേക്കും തീ പടർന്നു. റിസോർട്ടിലെ താമസക്കാർ പുറത്തുപോയപ്പോഴാണ് പ്രേമൻ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടൻ ഉടമയായ ഡോക്ടർ വിജിൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഫയർ ഫോഴ്സ് സംഘം അവിടെ എത്തിയപ്പോഴാണ് അടുക്കളയിൽ നിന്നും തീ പടരുന്നത് കണ്ടത്. തുടർന്ന് ഷർട്ടിൽ തീ പിടിച്ച പ്രേമനെ ഫയർഫോഴ്സ് സംഘം രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കുതറിയോടി അടുത്ത വീട്ടിലെ കിണറിലെ കപ്പി കെട്ടിയ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ ആറു വർഷത്തോളമായി ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുന്ന പ്രേമൻ റിസോർട്ട് ഉടമയുടെ അതീവ വിശ്വസ്തനായിരുന്നു. പ്രേമൻ്റെ പട്ടി വളർത്തൽ പ്രേമം കാരണമാണ് റിസോർട്ട്. ഉടമയുമായി തെറ്റുന്നത്. രണ്ട് പട്ടികളെ ഇയാൾ വളർത്തുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും വരുന്ന 31 ന് ജോലി മതിയാക്കണമെന്ന് ഉടമ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ റിസോർട്ടിന് തീവച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 15 വർഷമായി പ്രേമൻ കണ്ണൂരിലെത്തിയിട്ട് 'വിവിധ റിസോർട്ടുകളിൽ ജോലി ചെയ്ത ഇയാൾ പള്ളിയാംമൂലയിലെ റിസോർട്ടിൽ കെയർ ടേക്കറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.