+

എല്ലാം കൊട്ടിയൂരപ്പന് സമർപ്പിച്ച ആലിംഗന പുഷ്പാഞ്ജലിസ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാട് കാലയവനികക്കുള്ളിൽ മറഞ്ഞു

താന്ത്രികാനുഷ്ഠാനങ്ങളിൽ അത്യപൂർവമായ കൊട്ടിയൂരപ്പൻ്റെ ആലിംഗന പുഷ്പാഞ്ജലി സ്ഥാനികൻ കുറുമാത്തൂർ നായ്ക്കർ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് (92) കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

കണ്ണൂർ: താന്ത്രികാനുഷ്ഠാനങ്ങളിൽ അത്യപൂർവമായ കൊട്ടിയൂരപ്പൻ്റെ ആലിംഗന പുഷ്പാഞ്ജലി സ്ഥാനികൻ കുറുമാത്തൂർ നായ്ക്കർ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് (92) കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രോഹിണി ആരാധനാ ദിനത്തിൽ സാക്ഷാൽ മഹാവിഷ്ണുവിൻ്റെ സ്ഥാനമാണ് താന്ത്രിക കർമ്മത്തിൽ കുറുമാത്തൂർ നായ്ക്കർ തന്ത്രിക്കുള്ളത്. ദക്ഷയാഗത്തിൽ സതീദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് കോപാകുലനായ ശ്രീപരമേശ്വരനെ മഹാവിഷ്ണു കെട്ടിപ്പിടിച്ചു സാന്ത്വനിപ്പിച്ചതിൻ്റെ താന്ത്രികാവിഷ്കാരമാണ് കൊട്ടിയൂർ വൈശാഖ യാഗമഹോത്സവത്തിൽ ഏറ്റവും ഒടുവിലത്തെ ആരാധനയായ ആലിംഗന പുഷ്പാഞ്ജലി.

കേരള ബ്രാഹ്മണരിൽ ആചാര അനുഷ്ഠാനത്തിൽ പരമോന്നത സ്ഥാനികനായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ കല്പനകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നോക്കുന്ന നായക സ്ഥാനമാണ് കുറുമാത്തൂർ നായ്ക്കർ. ബ്രാഹ്മണ സമ്പ്രദായത്തിൽ ഒരേയൊരു നായ്ക്കർ സ്ഥാനിയേയുള്ളു - അത് തളിപ്പറമ്പ് കുറുമാത്തൂർ ഇല്ലത്തിലെ മൂത്ത കാരണവപ്പാടിനാണ്. യാഗാദി കർമ്മങ്ങളും താന്ത്രികാനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തലാണ് കുറുമാത്തൂർ നായ്ക്കറുടെ കർത്തവ്യം.

Kurumathur Naikar Parameswaran Namboodiripad passed away

32 മലയാള ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായ പെരിഞ്ചല്ലൂരിലെ പ്രഥമ പൗര സ്ഥാനം കുറുമാത്തൂർ നായ്ക്കർക്കാണ്. പ്രസിദ്ധ കിരാതമൂർത്തി സ്ഥാനമായ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിൽ പുഷ്പാഞ്ജലി നടത്തുന്നതും കുറുമാത്തൂർ നായ്ക്കരാണ്. പ്രമുഖ ശാക്തേയ ആരാധനാ കേന്ദ്രമായ പഴയങ്ങാടി മാടായി തിരുവർകാട്ട് കാവിൽ ദർശനത്തിന് എത്തിയാൽ അതിരാവിലെ പിടാരപൂജാരിമാരുടെ ശാക്തേയ ആരാധനയ്ക്കു മുമ്പ് ശ്രീകോവിലിൽ കയറി പൂജിക്കാനുള്ള അധികാരവും കുറുമാത്തൂർ നായ്ക്കർക്ക് കല്പിക്കപ്പെട്ടിരുന്നു.

ടി.ടി.കെ ദേവസ്വം പ്രഥമ ഊരാളനാണ്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജലദുർഗാ ക്ഷേത്രം, മുയ്യം വരഡൂർ ലക്ഷ്മീ നാരായണ ക്ഷേത്രം, കുടുക്കി മൊട്ട ലക്ഷ്മി നരസിംഹ ക്ഷേത്രം, തുടങ്ങി 25 ഓളം  ക്ഷേത്രങ്ങളിൽ താന്ത്രികനും ഊരായ്മ അവകാശിയുമാണ് കുറുമാത്തൂർ നായ്ക്കർസ്ഥാനികൻ.

kottiyoor alingana Pushpanjali sthanikan Parameswaran Namboodiripad passed away

2016 ലാണ് കൊട്ടിയൂരപ്പൻ്റെ രോഹിണി ആരാധനദിനം കുറുമാത്തൂർ നായ്ക്കർ പരമേശ്വരൻ നമ്പൂതിരിപ്പാട് ആലിംഗന പുഷ്പാഞ്ജലി ആദ്യമായി നടത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് രോഹിണി ആരാധന പുഷ്പാഞ്ജലി നടന്നില്ല. ഏറ്റവും ഒടുവിൽ 2022 ലെ വൈശാഖോത്സവത്തിലാണ് പരമേശ്വരൻ നമ്പൂതിരിപ്പാട് ആലിംഗന പുഷ്പാഞ്ജലിക്കെത്തിയത്. ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ രണ്ടു വർഷവും കൊട്ടിയൂരിൽ എത്താൻ പറ്റിയില്ല.

ജ്യോതിഷ പണ്ഡിതനായ പരമേശ്വരൻ നമ്പൂതിരിപ്പാട് അസ്ട്രോളജിക്കൽ മാഗസീനിൽ നിരവധി പഠന ലേഖനങ്ങൾ എഴുതിയിട്ടുമുണ്ട്.
ആദ്യകാലത്ത് കൊയിലാണ്ടി കോ. ഓപ്പറേറ്റീവ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. കുറുമാത്തൂർ ഇല്ലക്കാർ ആരംഭിച്ച തളിപ്പറമ്പിലെ ഹരിഹർ സിനിമാ ടാക്കീസിൻ്റെ മാനേജരുമായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു.

facebook twitter