ഇരിട്ടി : പഴശ്ശിയുടെ കനലുകള്‍ തുറന്ന് ജലമൊഴുക്കല്‍ ആരംഭിച്ചു. ഒന്നര പതിറ്റാണ്ടിന് ശേഷം പഴശ്ശി പദ്ധതിയുടെ കനാലിലൂടെ കൃഷി ആവശ്യത്തിന് വെള്ളം തുറന്നു വിടാന്‍ കഴിഞ്ഞത് കനലുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പഴശ്ശി ഡാമിലെ ഹെഡ് റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകളും 20 സെ.മീ. വീതം ഉയര്‍ത്തിയാണ് കാനാല്‍ വഴി ജലം ഒഴുക്കിയത്.
ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് പി.പി. മുരളീഷ് കനാല്‍ ഷട്ടര്‍ തുറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണിക്കൂറില്‍ രണ്ട് കിലോമീറ്റര്‍ എന്ന തോതില്‍ ഒഴുകിയ വെള്ളം വൈകുന്നേരം ആറുമണിയോടെ 13 കിലോമീറ്റര്‍ പിന്നിട്ടു.
ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെ 24.5 കിലോമീറ്റര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ കണിയേരി പറഞ്ഞു. റിട്ട. അസിസ്റ്റന്റ് എക്സിക്യൂടീവ് എഞ്ചിനീയര്‍ കെ. സന്തോഷും ചടങ്ങില്‍ സംബന്ധിച്ചു.
പഴശ്ശി പദ്ധതിയുടെ നവീകരിച്ച കനാല്‍ ശൃംഖലകളിലൂടെയുള്ള മെയിന്‍ കനാല്‍ 42.5 കിലോമീറ്റര്‍ പറശ്ശിനിക്കടവ് നീര്‍പ്പാലം വരെയും മാഹി ബ്രാഞ്ച് കനാല്‍ 23. 34 കി.മീ. എലാങ്കോട് വരെയും വെള്ളമെത്തും. കൂടാതെ കൈക്കനാലുകളായ മാമ്പക, കാവുംതാഴെ, മണിയൂര്‍, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂര്‍, വേങ്ങാട്, കുറുമ്പുക്കല്‍, മാങ്ങാട്ടിടം, വള്ള്യായി, പാട്യം, മൊകേരി എന്നിവയിലൂടെയും അനുബന്ധ ഫീല്‍ഡ് ബോത്തികളിലൂടെയും ജലവിതരണം നടത്താനാണ് ജലസേചന വകുപ്പ് ലക്ഷ്യമിടുന്നത്.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുശീല ദേവി, അസി. എഞ്ചിനീയര്‍മാരായ പി.വി. മഞ്ജുള , കെ. വിജില, കെ.രാഘവന്‍, എം.പി. ശ്രീപദ്, ടി.എന്‍. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വെള്ളമൊഴുക്ക് നിരീക്ഷിച്ചു വരുന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയുടെ മെയിന്‍ കനാല്‍വഴി ജനുവരി ആദ്യ വാരം തന്നെ കൃഷി ആവശ്യത്തിന് വെള്ളം നല്‍കാന്‍ കഴിയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷവും പരീക്ഷണാടിസ്ഥാനത്തില്‍ കനാല്‍ വഴി വെളളം ഒഴുക്കിയിരുന്നുവെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമായിരുന്നു. ജനുവരിയില്‍ തന്നെ പൂര്‍ണ്ണ തോതില്‍ വെള്ള മൊഴുക്കാന്‍ കഴിയുന്നത് രണ്ടാം വിള ഇറക്കുന്ന കര്‍ഷകര്‍ക്കും ആശ്വസകരമാകും. കൂടാതെ കനാല്‍ പ്രദേശങ്ങളിലെ കിണറുകളിലെ നിരുറവകളേയും ഇത് സ്വാധീനിക്കും.